| Thursday, 13th November 2025, 3:14 pm

അനൗണ്‍സ് ചെയ്ത് നാല് ദിവസമായില്ല, തലൈവര്‍ 173ല്‍ നിന്ന് പിന്മാറുന്നെന്ന് അറിയിച്ച് സുന്ദര്‍ സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ ഇളക്കിമറിച്ച അനൗണ്‍സ്‌മെന്റായിരുന്നു കഴിഞ്ഞദിവസം കമല്‍ ഹാസനും രജിനികാന്തും നടത്തിയത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വെറ്റെറന്‍ സംവിധായകന്‍ സുന്ദര്‍ സി ഈ പ്രൊജക്ട് അണിയിച്ചൊരുക്കുമെന്നും അറിയിച്ചു.

ഇപ്പോഴിതാ അനൗണ്‍സ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്ക് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുന്നെന്ന് അറിയിച്ചിരിക്കുകയാണ് സുന്ദര്‍ സി. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ സാഹചര്യങ്ങള്‍ കാരണം തലൈവര്‍ 173ല്‍ നിന്ന് താന്‍ പിന്മാറുന്നു എന്നാണ് സുന്ദര്‍ സി അറിയിച്ചത്. ഔദ്യോഗിക ലെറ്റര്‍പാഡിലൂടെയാണ് സുന്ദര്‍ സി. ഈ വിവരം പുറത്തുവിട്ടത്.

‘ബഹുമാനപ്പെട്ട ഉലകനായകന്‍ ശ്രീ കമല്‍ ഹാസന്‍ നിര്‍മിക്കുന്ന, സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനാകുന്ന ഈ ബ്രഹ്‌മാണ്ഡ പ്രൊജക്ടില്‍ ഭാഗമാകാന്‍ സാധിച്ചത് അഭിമാനമായാണ് കരുതിയത്. സ്വപ്‌ന സാക്ഷാത്കാര മുഹൂര്‍ത്തമായിരുന്നു ആ അവസരം. എന്നാല്‍ അതില്‍ നിന്ന് പിന്മാറുക എന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു.

ഈ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പണ്ടുമുതലേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ അവരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്നെ അത്യധികം സന്തോഷവാനാക്കിയിരുന്നു. ഇനി മുന്നോട്ടു പോകുമ്പോഴും അവര്‍ രണ്ടുപേരും നല്കിയ ഉപദേശവും അവരില്‍ നിന്ന് പഠിച്ച പാഠങ്ങളും മനസില്‍ സൂക്ഷിക്കും,’ സുന്ദര്‍ സി പറഞ്ഞു.

ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയാലും താന്‍ എല്ലാ കാലത്തും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. ഇത്രയും വലിയ ബ്രഹ്‌മാണ്ഡ പ്രൊജക്ടിലേക്ക് തന്നെ പരിഗണിച്ചതില്‍ അതിയായ നന്ദിയുണ്ടെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. ഈ വാര്‍ത്ത പലര്‍ക്കും ബുദ്ധിമുട്ടും നിരാശയും സമ്മാനിക്കുമെന്ന് അറിയാമെന്നും അവരോട് ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറയുന്നു.

പല സംവിധായകരുടെയും പേര് രജിനി- കമല്‍ പ്രൊജക്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. ലോകേഷ് കനകരാജിന്റെ പേരായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. എന്നാല്‍ കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി മാറി. നെല്‍സണ്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേരും പ്രചരിച്ചെങ്കിലും ഏറ്റവുമൊടുവില്‍ സുന്ദര്‍ സിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

രജിനികാന്തുമൊത്ത് അരുണാചലവും കമല്‍ ഹാസനുമൊത്ത് അന്‍പേ ശിവവും ചെയ്ത സംവിധായകന്റെ റീയൂണിയന്‍ പ്രതീക്ഷിച്ചവര്‍ക്ക് ഈ വാര്‍ത്ത നിരാശയാണ് സമ്മാനിക്കുന്നത്.

Content Highlight: Sundar C Announced that he is moving out from Thalaivar 173 produced by Kamal Hassan

We use cookies to give you the best possible experience. Learn more