മൂന്ന് പതിറ്റാണ്ടിനടുത്തായി തമിഴ് സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്നയാളാണ് സുന്ദര്‍ സി. മണിരത്‌നത്തിന്റെ സംവിധാന സഹായിയായി കരിയറാരംഭിച്ച സുന്ദര്‍ സി, മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് തമിഴില്‍ സംവിധായകനായും നായകനായും നിര്‍മാതാവായും സുന്ദര്‍ സി തിളങ്ങി.
സുന്ദര്‍ സിയുടെ ഏറ്റവും പുതിയ ചിത്രമായ മൂക്കുത്തി അമ്മന്‍ 2 റിലീസിന് തയാറെടുക്കുകയാണ്. 2020ലെ മികച്ച ചിത്രങ്ങളിലൊന്നായ മൂക്കുത്തി അമ്മന്റെ സ്പിരിച്വല്‍ സീക്വലാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്നിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അനൗണ്‍സ്‌മെന്റ് സമയത്ത് വലിയ ഹൈപ്പുണ്ടായിരുന്ന മൂക്കുത്തി അമ്മന്‍ 2ന് ടീസര്‍ റിലീസിന് പിന്നാലെ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. വി.എഫ്.എക്‌സിന്റെയും എ.ഐയുടെയും അമിതമായ ഉപയോഗം വലിയ ട്രോളുകള്‍ക്ക് വഴിവെച്ചു. അത്തരം വിമര്‍ശനങ്ങള്‍ക്ക് സുന്ദര്‍ സി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
‘ഈ സിനിമയുടെ ടീസറും ട്രെയ്‌ലറും റിലീസായപ്പോള്‍ തൊട്ട് കേള്‍ക്കുന്ന കാര്യമാണ് ഗ്രാഫിക്‌സ് ശരിയല്ല, ഒരുപാട് സ്ഥലത്ത് എ.ഐ ഉപയോഗിക്കുന്നു എന്നൊക്കെ. എന്നോട് തന്നെ പലരും ഇതിനെപ്പറ്റി സംസാരിച്ചു. അതിനുള്ള മറുപടി ഇപ്പോള്‍ ഈ വേദിയില്‍ വെച്ച് പറയുകയാണ്. നമുക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമമാണ് ഇത്.
സി.ജി.ഐ ചെയ്യാന്‍ വേണ്ടി മാത്രം ആയിരം കോടി മുടക്കാനൊന്നും ആരുമില്ല. അതുകൊണ്ട് തമിഴ്‌നാട്ടിലുള്ള വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റുകള്‍ മാത്രമാണ് ഇതില്‍ വര്‍ക്ക് ചെയ്തത്. 400ലധികം ആളുകള്‍ ഒന്നര വര്‍ഷത്തോളം രാവും പകലുമില്ലാതെയാണ് ഈ സിനിമയിലെ ഗ്രാഫിക്‌സിന് വേണ്ടി വര്‍ക്ക് ചെയ്തു. മൂവായിരത്തിലധികം ഷോട്ടുകളില്‍ സി.ജി.ഐയും 15 ഷോട്ടുകളില്‍ എ.ഐയും ഉപയോഗിച്ചിട്ടുണ്ട്.
ഈ പടത്തിലെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ അഭിനന്ദിക്കുക. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പറയുക. അതില്‍ നിന്ന് പാഠം പഠിക്കാന്‍ ശ്രമിക്കാം. കാരണം തമിഴ് ടെക്‌നീഷ്യന്‍സ് മാത്രമാണ് ഇതില്‍ സി.ജി.ഐ വര്‍ക്കുകള്‍ ചെയ്തത്,’ സുന്ദര്‍ സി പറഞ്ഞു.
സിനിമകളില്‍ എ.ഐ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലായിടത്തും എ.ഐ കടന്നുവരികയാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ അത് നടക്കുമെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. ആദ്യഭാഗം ഇഷ്ടപ്പെട്ടവര്‍ക്ക് രണ്ടാം ഭാഗവും ഇഷ്ടമാകുമെന്നും വലിയ എഫര്‍ട്ട് ഈ സിനിമക്കായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlight: Sundar C about the criticisms on CGI works of Mookuthi Amman 2 movie