| Friday, 14th November 2014, 10:13 am

സുനന്ദയുടെ മരണം: പാകിസ്ഥാന്‍, ദുബൈ എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ളവരുടെ പങ്കും പോലീസ് അന്വേഷിക്കും. സുനന്ദയുമായി ബന്ധമുള്ള ദുബൈ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.

സുനന്ദ മരിച്ച ജനുവരി 17ന് ദുബൈയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ദല്‍ഹിയിലേക്കും തിരിച്ചും യാത്രചെയ്തവരുടെ വിവരങ്ങള്‍ ദല്‍ഹി പോലീസ് ശേഖരിക്കുന്നുണ്ട്. സുനന്ദയുടെ മരണത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് നടപടിയെന്നാണ് സൂചന.

ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കീഴിലുള്ള ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് പുറത്തുനിന്നും ദല്‍ഹിയിലെത്തിയവരുടെ വിവരങ്ങള്‍ അതത് കേന്ദ്രങ്ങളോട് ആരാഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സുനന്ദയുടെ മരണദിവസമോ അതിന് അടുപ്പിച്ചോ ദല്‍ഹിയില്‍ നിന്നും മറ്റിടങ്ങളിലേക്കും പാകിസ്ഥാന്‍, ദുബൈ എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കും യാത്ര ചെയ്തവരുടെ വിശദാംശങ്ങള്‍ ദല്‍ഹി പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണറിയുന്നത്.

ഇവരുടെ ലിസ്റ്റ് ലഭിച്ചാല്‍ സംശയം തോന്നുന്ന യാത്രക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഷോട്ട്‌ലിസ്റ്റ് തയ്യാറാക്കും. ഇവരെ ചോദ്യം ചെയ്യാന്‍ ശ്രമിക്കും. 1000ത്തിലധികം യാത്രക്കാരുടെ വിശദാംശങ്ങള്‍ പോലീസിന് പരിശോധിക്കേണ്ടി വരുമെന്നാണറിയുന്നത്.

വിദേശത്ത് സുനന്ദയുടെ കുടല്‍ പരിശോധിക്കാനും പോലീസിന് ആലോചനയുണ്ട്. കുടല്‍ സ്‌കോട്ട്‌ലാന്റ് ലബോറട്ടറിയില്‍ അയക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞത്. പ്രത്യേക കേസുകളില്‍ സി.ബി.ഐ സാമ്പിളുകള്‍ പരിശോധിക്കാറുള്ള യു.എസിലെ എഫ്.ബി.ഐ ലാബും അന്വേഷണ ഉദ്യോഗസ്ഥരുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനമെടുക്കും.

സുനന്ദയെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്തുന്നതില്‍ സി.എഫ്.എസ്.എല്ലിലെ ഫോറന്‍സിക് ടീമും, ഡോക്ടര്‍മാരും പരാജയപ്പെട്ടതാണ് കുടല്‍ പരിശോധന വിദേശത്ത് നടത്താന്‍ ആലോചിക്കാന്‍ കാരണം.

ഇന്ത്യന്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്താനാവാത്ത ചില വിഷപദാര്‍ത്ഥകള്‍ (റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍) ആണ് സുനന്ദയുടെ മരണകാരണമെന്നാണ് എ.ഐ.ഐ.എം.എസിലെ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more