മാളികപ്പുറത്തിന്റെ അതേ ടീം വീണ്ടും ഒന്നിക്കുന്നു എന്ന ഹൈപ്പോടെ തിയേറ്ററിലെത്തിയ ചിത്രമാണ് സുമതി വളവ്. കേരളത്തില്‍ ഒരുപാട് ചര്‍ച്ചയായ തിരുവനന്തപുരത്തെ സുമതി വളവിനെക്കുറിച്ചുള്ള ചിത്രമാണ് ഇതെന്നായിരുന്നു റിലീസിന് മുമ്പുള്ള അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ ചിത്രം പറയുന്നത് മറ്റൊരു സുമതി വളവിനെക്കുറിച്ചാണ്.
തിയേറ്ററില്‍ വിജയം നേടിയ ചിത്രം അടുത്തിടെ ഒ.ടി.ടിയിലെത്തിയിരുന്നു. 90കളില്‍ ഓടിത്തേഞ്ഞ കഥയാണ് സുമതി വളവിന്റേതെന്നാണ് ഒ.ടി.ടി റിലീസിന് പിന്നാലെ പലരും അഭിപ്രായപ്പെട്ടത്. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ ചിത്രത്തിലെ ഹൊറര്‍ രംഗങ്ങള്‍ കോമഡിയായെന്നും കോമഡി സീനുകള്‍ ട്രാജഡിയായെന്നുമാണ് ട്രോളന്മാരുടെ വാദം.
ചിത്രത്തില്‍ വന്‍ ബില്‍ഡപ്പോടെ അവതരിപ്പിച്ച ഇന്റര്‍വെല്‍ സീന്‍ എയറും കടന്ന് അടുത്ത ഗ്യാലക്‌സിയിലാണ്. രാത്രിയായാല്‍ ആരും പോകാന്‍ മടിക്കുന്ന സമുതി വളവ് കടന്നുവേണം കഥ നടക്കുന്ന ഗ്രാമത്തിലെ ആളുകള്‍ക്ക് നഗരത്തിലേക്കെത്താന്‍. ശിവദ അവതരിപ്പിക്കുന്ന ദീപ ടീച്ചര്‍ക്ക് രാത്രിയില്‍ പ്രസവവേദന വരികയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പലരും പേടിക്കുകയും ചെയ്യുന്നു.
ഒടുവില്‍ നായകനായ അര്‍ജുന്‍ അശോകനും കൂട്ടുകാരായ ബാലു വര്‍ഗീസ്, ശിവദയുടെ അച്ഛനായി വേഷമിട്ട മനോജ് കെ.യു എന്നിവര്‍ ആശുപത്രിയിലേക്കെത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നു. സുമതി വളവിനടുത്ത് വെച്ച് വണ്ടി കേടാവുകയും വണ്ടിയില്‍ നിന്ന് ദീപയെ കാണാതാവുകയും ചെയ്യുന്നു. പിന്നീട് ദീപയെ അന്വേഷിച്ച് കാട്ടിലേക്ക് കയറുന്ന നായകനും കൂട്ടര്‍ക്കും നേരിടേണ്ടി വരുന്ന അതിഭീകര ഹൊറര്‍ അനുഭവങ്ങള്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നുണ്ട്.
ദീപയെ അന്വേഷിച്ച് പലരും പല വഴിക്ക് പോകുമ്പോള്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ നില്‍ക്കുന്നതായി ബാലു വര്‍ഗീസ് അവതരിപ്പിച്ച അമ്പാടി കാണുകയും പേടിച്ച് നിലവിളിക്കുകയും ചെയ്യുന്നു. അതേസമയം മകളെ അന്വേഷിച്ച് നടക്കുന്ന മനോജ് കെ.യുവിന്റെ വിജയന്‍ പിള്ള ദീപയെ ഒരു മരച്ചുവട്ടില്‍ വെച്ച് കാണുന്നുണ്ട്. മകളെ കണ്ടെത്തിയ സന്തോഷത്തില്‍ വിജയന്‍ പിള്ള പറയുന്ന ഡയലോഗാണ് ഹൈലൈറ്റ്.
‘മോളേ നീ ഇവിടെ നില്‍ക്കുവാണോ, നിനക്ക് പ്രസവിക്കണ്ടേ’ എന്ന് ചോദിച്ച് ദീപയുടെ അടുത്തെത്തുന്ന വിജയന്‍ കാണുന്നത് മകളുടെ തലയില്ലാത്ത ശരീരമാണ്. ഇത് കണ്ട് പേടിക്കുന്ന സീനിന്റെ മീം ഇതിനോടകം വൈറലായിരിക്കുകയാണ്. ഇത്രയും മോശം ഡയലോഗ് എഴുതിയ അഭിലാഷ് പിള്ളയും എയറിലാണ്. ചതിക്കാത്ത ചന്തുവിന്റെ ക്ലൈമാക്‌സില്‍ ലാലിന്റെ കഥാപാത്രം ജഗതി ശ്രീകുമാറിന്റെ മന്ത്രവാദിയെ പേടിപ്പിക്കാന്‍ കെട്ടിയ വേഷവും സുമതി വളവിലെ സീനും മിക്‌സ് ചെയ്തുള്ള മീമും വൈറലാണ്.
90ല്‍ നിന്ന് വണ്ടി കിട്ടാത്ത കഥ എഴുതുക മാത്രമല്ല, സുമതി വളവില്‍ ഗിരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മനോജ് കെ.യു പേടിക്കുന്ന സീനില്‍ ഒപ്പമുണ്ടായിരുന്ന അഭിലാഷ് പിള്ളയുടെ അഭിനയം അയാളെഴുതിയ സ്‌ക്രിപ്റ്റിനെക്കാള്‍ ക്രിഞ്ചെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Sumathi Valavu movie interval scene viral in troll pages after OTT release