| Sunday, 28th September 2025, 2:01 pm

തലയും വാലുമില്ലാത്ത പ്രേതം, പൈസ വസൂലായി; ഒ.ടി.ടിക്ക് പിന്നാലെ ട്രോൾ മെറ്റീരിയലായി സുമതി വളവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അർജുൻ അശോകൻ നായകനായി എത്തിയ പുതിയ ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം ഓഗസ്റ്റ് ഒന്നിനാണ് റിലീസ് ചെയ്തത്. ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ഗോപിക അനിൽ, ശിവദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം മൈലുംമൂടിലെ അതേ പേരിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട കഥകളും ഐതിഹ്യവുമാണ് സുമതി വളവ് എന്ന ചിത്രത്തിനാധാരം. തിയേറ്ററിൽ നിന്നും തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രം ഒ.ടി.ടിയിൽ എത്തിയ ശേഷം ട്രോൾ മെറ്റീരിയലായി മാറിയിരിക്കുകയാണ്.

തിയേറ്ററിൽ പോയി കാണാൻ സാധിക്കാത്തതിൽ കുറ്റബോധം ഇല്ലെന്നും പൈസ വസൂലായെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

ഹൊറർ സീൻ കോമഡിയായി തോന്നിയെന്നും തലയും വാലുമില്ലാത്ത പ്രേതമാണ് ചിത്രത്തിലുള്ളതെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. തിരക്കഥ കൊള്ളില്ലെന്നും മൊത്തത്തിൽ മോശം സിനിമയാണ് സുമതി വളവെന്നും പ്രേക്ഷകർ പറയുന്നു.

സിനിമ കണ്ടപ്പോൾ നാടകത്തിന്റെ ഫീലാണ് തോന്നിയതെന്നും തിരക്കഥയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മയെന്നും ഒരാൾ പറയുന്നുണ്ട്.

ബിഗസ്റ്റ് സ്‌കാം ഓഫ് ദി ഇയർ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. ഇമ്മാതിരി ഊളപ്പടം എടുത്ത് വെച്ചിട്ടാണ് ആളുകൾ ഡീഗ്രേഡ് ചെയ്യുന്നേ എന്നുപറഞ്ഞതെന്നും ആളുകൾ പറയുന്നു.

ഹൊറർ – കോമഡി ചിത്രമായി എത്തിയ സുമതി വളവിൽ കഥാപാത്രങ്ങൾക്ക് പ്രേതബാധ വരുമ്പോൾ കാണിക്കുന്ന സീനുകളെക്കുറിച്ചും ട്രോൾ വരുന്നുണ്ട്. കണ്ണിൽ എൽ.ഇ.ഡി ബൾബ് ഫിറ്റ് ചെയ്തത് പോലെയുള്ള സീൻ കോമഡിയെന്നാണ് ഒരാൾ പ്രതികരിച്ചത്.

ചിത്രത്തിൽ അഭിനയിച്ച മുകേഷിന്റെ മകനെക്കുറിച്ചും ട്രോളുകൾ വരുന്നുണ്ട്.

Sravan Mukesh

മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ശ്രാവൻ മുകേഷിനെക്കാൾ മോശം ആയൊരു നെപോ പ്രോഡക്റ്റ് ഉണ്ടോ എന്ന് സംശയമാണെന്നാണ് ഒരാൾ ഫേസ്ബുക്കിൽ പറഞ്ഞത്.
ബോഡി ലാംഗ്വേജ്, എക്‌സ്‌പ്രേഷൻ, വോയിസ് മോഡ്‌ലേഷൻ, ഡയലോഗ് ഡെലിവറി എന്ന് വേണ്ട എല്ലാം വൻ അബദ്ധമെന്നും പറയുന്നുണ്ട്.

എന്തായാലും ഒ.ടി.ടി ഇറങ്ങിയതിന് പിന്നാലെ എയറിൽ പോയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി.

Sumathi Valavu Road

തിരുവനന്തപുരം ജില്ലയിലെ പാലോട് നിന്നും മൈലുംമൂടെന്ന സ്ഥലത്തേക്ക് പോകുമ്പോൾ കാടിന് നടുവിലായി കാണുന്ന സ്ഥലമാണ് സുമതി വളവ്. 1953ൽ കൊല്ലപ്പെട്ട സുമതിയെന്ന യുവതി പ്രേതമായെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.

ഈ കഥ ഒരു സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ച ചിത്രമാണ് സുമതി വളവ്.

Content Highlight: Sumathi Valavu film becomes troll material after OTT

We use cookies to give you the best possible experience. Learn more