കോഴിക്കോട്: ഹരികുമാര്‍ കോയിക്കലിനെ എന്‍.എസ്.എസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ ജി.സുകുമാരന്‍ നായര്‍ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായതിനാലാണ് ഹരികുമാറിനെ തെരഞ്ഞെടുത്തത്.
ഭരണകാര്യത്തില്‍ ജനറല്‍ സെക്രട്ടറിയെ സഹായിക്കാനാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ഹരികുമാര്‍ കോയിക്കല്‍.
എന്‍.എസ്.എസില്‍ സാധാരണ നിലയില്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാറില്ല. നേരത്തെ ഒരു തവണ നാരായണ പണിക്കര്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന സമയത്താണ് ഈ പദവിയിലേക്ക് നിയമനം നടന്നിട്ടുള്ളത്. അന്ന് ജി. സുകുമാരന്‍ നായരായിരുന്നു സെക്രട്ടറി. പിന്നീട് അദ്ദേഹം ജനറല്‍ സെക്രട്ടറിയായപ്പോള്‍ പകരം സെക്രട്ടറിയെ നിയമിച്ചിട്ടില്ല.
സുകുമാരന്‍ നായര്‍ ശാരീരിക അവശതകളെത്തുടര്‍ന്ന് പെരുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് ഇനിയും മാസങ്ങളോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.
Content Highlight: Sukumaran Nair is unwell; Harikumar Koyikkal appointed NSS Secretary