തൃശൂര്‍: കുന്നംകുളത്ത് പൊലീസ് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് സ്വാതന്ത്ര്യ സമരസേനാനിയല്ലെന്ന് സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍.
സുജിത്ത് ധീരനായ സര്‍വസംഗ പരിത്യാഗിയല്ലെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. തൃശൂരില്‍ നടന്ന സി.പി.ഐ.എമ്മിന്റെ ഒരു പൊതുയോഗത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം.
കുന്നംകുളത്തെ സംഭവത്തിന് ഒരു മറുവശമുണ്ടെന്ന് പറഞ്ഞ അബ്ദുള്‍ ഖാദര്‍, പൊലീസുകാര്‍ കൊണ്ടുപോയി തടവി ബിരിയാണി വാങ്ങിച്ചുകൊടുക്കുമെന്ന് കരുതുന്നത് ശരിയാണോയെന്നും ചോദിച്ചു.
‘കാണിപ്പയ്യൂര്‍ തെരുവില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയ നാലംഗ സംഘത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. അപ്പോള്‍ സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഈ നാലംഗ സംഘത്തെ ജീപ്പില്‍ നിന്ന് ബലമായി പിടിച്ചിറക്കി.
എസ്.ഐ സ്വാഭാവികമായി പ്രതിരോധിച്ചു, അദ്ദേഹത്തിന്റെ വാച്ച് നഷ്ടപ്പെട്ടു, അദ്ദേഹത്തെ അടിച്ചു. പിന്നാലെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഫോഴ്‌സിനെ ആവശ്യപ്പെട്ടു. കൂടുതല്‍ പൊലീസ് എത്തിയ ശേഷം സുജിത്തിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി,’ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സുജിത്ത് 11 കേസില്‍ പ്രതിയാണെന്നും അദ്ദേഹം പ്രസംഗിച്ചു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥർ ആളുകളെ തള്ളാനുള്ളവരല്ലെന്ന നിലപാടാണ് തങ്ങളുടേതെന്നും സി.പി.ഐ.എം നേതാവ് കൂട്ടിച്ചേര്‍ത്തു. സുജിത്തിന്റെ വിവാഹം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും അബ്ദുള്‍ ഖാദര്‍ വിമര്‍ശനമുയര്‍ത്തി.
2023 ഏപ്രില്‍ അഞ്ചിന് നടന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. എസ്.ഐ നൂഹ്‌മാന്റെ നേതൃത്വത്തിലുള്ള മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്.
ആദ്യഘട്ടത്തിൽ വിവരാവകാശ നിയമപ്രകാരം സുജിത്ത് പൊലീസ് സ്റ്റേഷനിലെ മര്‍ദന വീഡിയോ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍ ഇടപെട്ടതോടെയാണ് സുജിത്തിന് വീഡിയോ ലഭിച്ചത്.
വീഡിയോ പുറത്തുവന്നതോടെ എസ്.ഐ നൂഹ്‌മാന്‍, സജീവന്‍, സന്ദീപ്. ശശിധരന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. ഡി.ഐ.ജി ഹരിശങ്കറിന്റെ ശുപാര്‍ശയില്‍ നോര്‍ത്ത് സോണ്‍ ഐ.ജി രാജ് പാല്‍ മീണയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
Content Highlight: Sujith is not a freedom fighter; K.V. Abdul Khader criticizes the media