| Wednesday, 4th March 2026, 9:01 pm

എനിക്ക് വിഷമമോ കണ്‍ഫ്യൂഷനോ വന്നാല്‍, ആദ്യം വിളിക്കുന്ന രണ്ടുപേരിലൊരാളാണ് അദ്ദേഹം: സുജാത

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. ചെറുപ്പം മുതല്‍ വെള്ളിത്തിരയില്‍ സജീവമായ സുജാത, ഒമ്പത് വയസുമുതല്‍ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ഗാനരംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ ഗാനം ആലപിച്ചു. എ.ആര്‍. റഹ്‌മാന്‍ അടക്കമുള്ള പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സുജാത തമിഴിലും മലയാളത്തിലുമായി വിദ്യാസാഗറിന് വേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. ഇപ്പോള്‍ വിദ്യാസാഗറിനെ കുറിച്ച് സംസാരിക്കുകയാണ് സുജാത മോഹന്‍. താനും വിദ്യാജിയും തമ്മില്‍ കുറേയേറെ സാമ്യമുണ്ടെന്ന് സുജാത പറയുന്നു.

‘സിംഗിള്‍ പേരന്റിങ്ങിലൂടെ വളര്‍ന്ന കുട്ടികളാണ് ഞങ്ങള്‍. ഒരേവര്‍ഷം ജനിച്ചവര്‍. ആറുവയസുള്ളപ്പോഴാണ് അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെടുന്നത്. രണ്ടുവയസുള്ളപ്പോള്‍ എനിക്ക് അച്ഛനെയും നഷ്ടപ്പെട്ടു. ഞങ്ങള്‍ 1975-ലാണ് ഇന്‍ഡസ്ട്രിയില്‍ തുടക്കം കുറിക്കുന്നത്. അങ്ങനെ, കുറെ സാമ്യമുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍.

എനിക്ക് ഒരു വിഷമമോ കണ്‍ഫ്യൂഷനോ വന്നാല്‍, ആദ്യം വിളിക്കുന്ന രണ്ടുപേരിലൊരാളാണ് വിദ്യാജി. മറ്റെയാള്‍, ഗായകന്‍ ശ്രീനിവാസനാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണിവര്‍. സംഗീതജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കുന്നവര്‍. ചിലപ്പോള്‍ നല്ലൊരു പാട്ട് പാടാനുള്ള അവസരം നഷ്ടപ്പെടുമ്പോള്‍ വിഷമം വരും,’ സുജാത പറയുന്നു.

അപ്പോഴൊക്കെ തനിക്ക് ഊര്‍ജം തരുന്നത് ഇവരാണെന്നും വിദ്യാസാഗറിനെപ്പോലെ ഹൈപ്പറായിട്ടുള്ള ആളാണ് താനെന്നും സുജാത പറയുന്നു. ഇത്തിരിനേരം സംസാരിക്കുമ്പോഴേക്കും നമ്മള്‍ ഹാപ്പിയാകുമെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഹ്‌മാന്‍ തന്നോട് പറഞ്ഞ ഒരു കാര്യമുണ്ടെന്നും അവസരങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ല അത് നമ്മെ തേടിയെത്തുമെന്നും വിദ്യാസാഗറും തന്നോട് ഇതേ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും സുജാത കൂട്ടിച്ചേര്‍ത്തു.

Content Highlight: Sujatha Mohan talks about Vidyasagar and his support 

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more