| Tuesday, 8th July 2025, 4:06 pm

റഹ്‌മാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ പാട്ടില്‍ ഇടവേള എടുത്തത് നന്നായി എന്ന് തോന്നി: സുജാത മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പന്ത്രണ്ട് വയസുമുതല്‍ മലയാള സിനിമക്ക് വേണ്ടി പാടിത്തുടങ്ങിയ പാട്ടുകാരിയാണ് സുജാത. ഒമ്പത് വയസുമുതല്‍ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാടി സുജാത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. റഹ്‌മാന് വേണ്ടി ആദ്യ സിനിമാ ഗാനം പാടിയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുജാത മോഹന്‍.

ഔസേപ്പച്ചന്റെ ‘തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി’ എന്ന പാട്ടിന്റെ റിക്കോര്‍ഡിങ് റഹ്‌മാന്റെ സ്റ്റുഡിയോയില്‍ നടന്നിരുന്നുവെന്നും അത് പ്രോഗ്രാം ചെയ്തതു റഹ്‌മാനാണെന്നും അവര്‍ പറയുന്നു. അന്ന് തന്റെ അമ്മയോട് ‘സുജാത സൂപ്പറായി പാടുന്നുണ്ട് എന്ന് റഹ്‌മാന്‍ പറഞ്ഞുവെന്നും പാട്ടില്‍ ഇടവേള എടുത്തതു നന്നായി എന്ന് തോന്നിയ നിമിഷമായിരുന്നു അതെന്നും സുജാത പറഞ്ഞു.

‘പുതുവെള്ളൈ മഴൈ’ പാടാന്‍ വിളിച്ചപ്പോള്‍ സംവിധായകന്‍ മണിരത്നവും നിര്‍മാതാവ് കെ. ബാലചന്ദറും കേട്ട് ഇഷ്ടപ്പെട്ടാലേ സിനിമയില്‍ വരുകയുള്ളൂ എന്ന് പറഞ്ഞുവെന്നും ‘കാതല്‍ റോജാവേ’ ഹമ്മിങ്ങും താന്‍ പാടിയെന്നും സുജാത കൂട്ടിച്ചേര്‍ത്തു. പാട്ട് റിലീസായപ്പോള്‍ ആദ്യം കിട്ടിയ കോംപ്ലിമെന്റ് എസ്.പി. ബാലസുബ്രഹ്‌മണ്യത്തില്‍ നിന്നായിരുന്നുവെന്നും അവര്‍ പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.

‘ഒരിക്കല്‍ ഔസേപ്പച്ചന്‍ സാറിന്റെ ‘തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി’ എന്ന പാട്ടിന്റെ റിക്കോര്‍ഡിങ് റഹ്‌മാന്റെ സ്റ്റുഡിയോയില്‍ നടന്നു. അതു പ്രോഗ്രാം ചെയ്തതു റഹ്‌മാനാണ്. അന്ന് അമ്മയോടു റഹ്‌മാന്‍ പറഞ്ഞത്രേ, ‘സുജാത സൂപ്പറായി പാടുന്നുണ്ട്.’ പാട്ടില്‍ ഇടവേള എടുത്തതു നന്നായി എന്നു തോന്നിയ നിമിഷമാണത്. കുറേ സ്റ്റേജുകളില്‍ പാടിയിട്ടുള്ളതു കൊണ്ടു ധൈര്യക്കുറവൊന്നും ഇല്ല. തമിഴില്‍ പുതിയ പാട്ടുകാരി എന്ന എക്‌സ്ട്രാ മൈലേജ് കിട്ടുകയും ചെയ്തു.

റഹ്‌മാന്റെ ആദ്യ സിനിമയാണു റോജ. അതിലെ ‘പുതുവെള്ളൈ മഴൈ‘ പാടാന്‍ വിളിച്ചപ്പോള്‍ റഹ്‌മാന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു, സംവിധായകന്‍ മണിരത്‌നവും നിര്‍മാതാവ് കെ. ബാലചന്ദറും കേട്ട് ഇഷ്ടപ്പെട്ടാലേ സിനിമയില്‍ വരൂ. കാതല്‍ റോജാവേ’ ഹമ്മിങ്ങും ഞാന്‍ പാടി. പാട്ടു റിലീസായപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ആദ്യം കിട്ടിയ കോംപ്ലിമെന്റ് എസ്.പി. ബാലസുബ്രഹ്‌മണ്യം സാറില്‍ നിന്നാണ്. ആ ഹമ്മിങ് കേട്ടപ്പോള്‍ സാരംഗി (ഒരു സംഗീത ഉപകരണം) പോലെയാണു തോന്നിയത്, അത്ര മനോഹരം എന്ന് അദ്ദേഹം പറഞ്ഞു കേട്ടപ്പോള്‍ അവാര്‍ഡുകിട്ടിയ സന്തോഷമായിരുന്നു,’ സുജാത മോഹന്‍ പറയുന്നു.

Content highlight:  Sujatha mohan  share her memories with  A.R rahman

We use cookies to give you the best possible experience. Learn more