| Saturday, 21st February 2026, 2:18 pm

ഗസലല്ല വേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം വീണ്ടും മാറ്റി പാടിപ്പിച്ചു; ആ ഗാനം എന്നും പ്രിയപ്പെട്ടത്: സുജാത മോഹന്‍

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. ചെറുപ്പം മുതല്‍ വെള്ളിത്തിരയില്‍ സജീവമായ സുജാത, ഒമ്പത് വയസുമുതല്‍ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ഗാനരംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ ഗാനം ആലപിച്ചു. എ.ആര്‍. റഹ്‌മാന്‍ അടക്കമുള്ള പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സുജാത തമിഴിലും മലയാളത്തിലുമായി വിദ്യാസാഗറിന് വേണ്ടി ഗാനമാലപിച്ചിട്ടുണ്ട്. അഴകിയ രാവണിലെ പ്രണയമണി തൂവല്‍ മുതല്‍ തമിഴിലെ ആസയി ആസയി വരെ പാട്ടുകളുടെ ലിസ്റ്റ് ഇനിയും നീളും.

ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാസാഗറിനെ കുറിച്ച് സംസാരിക്കുകയാണ് സുജാത. വിദ്യാജിയുടെ ‘വരമഞ്ഞളും’ ‘പ്രണയമഴയും’ എത്രയോ ജന്മമായും ഒക്കെ തന്റെ കരിയറിനെ സമ്പന്നമാക്കിയ പാട്ടുകളാണെന്ന് അവര്‍ പറയുന്നു.

‘എന്നിരുന്നാലും വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ടത് തമിഴ് ചിത്രം ‘മൊഴിയിലെ ‘കാട്രിന്‍ മൊഴിയാണ്. ഞാന്‍ വളരെ നന്നായി പാടിയെന്ന് എനിക്കു തന്നെ തോന്നിയ പാട്ടാണത്. അതിന്റെ റെക്കോഡിങ് അനുഭവം മറക്കാനാകില്ല. പാട്ടിന്റെ മെയില്‍ വേര്‍ഷന്‍ കേട്ടിട്ടാണ് എന്നോട് പാടാന്‍ പറഞ്ഞത്.

അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോയ ആ നേരത്ത്, ഞാനും സൗണ്ട് എന്‍ജിനിയറും കൂടി പല പരീക്ഷണങ്ങളും പാട്ടില്‍ നടത്തി. ഒരു ഗസലുപോലെ പാടിനോക്കി. അദ്ദേഹം തിരിച്ചെത്തിയശേഷം പാട്ട് കേട്ടു. എനിക്ക് ഗസലല്ല വേണ്ടതെന്ന് പറഞ്ഞ് വീണ്ടും മാറ്റിപ്പാടിക്കുകയായിരുന്നു. ‘കാട്രിന്‍ മൊഴി’ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്,’ സുജാത പറയുന്നു.

തനിക്ക് കംഫര്‍ട്ടബിളാണെന്ന് തോന്നുന്ന സംഗീത സംവിധായകര്‍ക്കൊപ്പം നല്ല രീതിയില്‍ പാട്ട് പാടാനായിട്ടുണ്ടെന്നും എ.ആര്‍. റഹ്‌മാന്‍, വിദ്യാജി, ഔസേപ്പേട്ടന്‍, ജയചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമൊക്കെ ഒരു സ്വാതന്ത്ര്യത്തോടെ തനിക്ക് പാടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുജാത കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ക്കൂടി പാടി നോക്കട്ടെ എന്ന് പറഞ്ഞാല്‍, അവര്‍ സമ്മതിക്കുമെന്നും അവര്‍ പറഞ്ഞു.

രാധ മോഹന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്, ജ്യോതിക, പ്രകാശ് രാജ്, എന്നിവര്‍ പ്രധാനവേഷങ്ങൡലെത്തിയ ചിത്രമാണ് മൊഴി. ഏറെ നിരൂപക പ്രശംസ നേടി ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Sujatha is talking about Vidyasagar

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more