| Tuesday, 22nd July 2025, 12:42 pm

ഇത് മുത്തശ്ശന്‍ തരുന്നതാണ്, ഒരു ലക്ഷം രൂപ സ്വീകരിക്കാന്‍ വിസമ്മതിച്ച സൂര്യനെല്ലി അതിജീവിതയോട് വി.എസ് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ ഓര്‍മകള്‍ പങ്കുവെച്ച് സൂര്യനെല്ലി അതിജീവിതയോട് ഏറ്റവും അടുപ്പമുള്ള എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്. നിരന്തരം തളിര്‍ക്കുന്ന വന്മരമാണ് വി.എസ് എന്ന് പറഞ്ഞുകൊണ്ടാണ് സുജ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു നൂറ്റാണ്ട് കടന്നുപോയ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ഒരു വ്യക്തിയുടെയോ ചരിത്രമല്ലെന്നും അത് കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമാണെന്നും സുജ പറയുന്നു.

ജീവന്റെ ആഴത്തില്‍ നിന്ന് ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ പലപ്പോഴും ഹൃദയത്തെയും ഭേദിച്ച് കടന്നുപോയിട്ടുണ്ടെന്ന് പറഞ്ഞ സുജ സൂസന്‍, സൂര്യനെല്ലി അതിജീവിതയെക്കുറിച്ചുള്ള ഓര്‍മയും പങ്കുവെച്ചു. സൂര്യനെല്ലി കേസിനെക്കുറിച്ച് സംസാരിക്കാനായി വി.എസ്. തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചെന്നും അവിടെ വെച്ച് ദീര്‍ഘമായ ഒരു സംഭാഷണം നടന്നെന്നും അവര്‍ കുറിച്ചു.

അതിന്റെ അടുത്തയാഴ്ച ചങ്ങനാശേരിയിലുള്ള അതിജീവിതയുടെ വീട് വി.എസ് സന്ദര്‍ശിച്ചെന്നും അവരോടും വീട്ടുകാരോടും സംസാരിച്ചെന്നും സുജ സൂസന്‍ പറയുന്നു. പോകാന്‍ നേരം വി.എസ് നല്‍കിയ ഒരുലക്ഷം രൂപ അതിജീവിതയുടെ അച്ഛന്‍ വാങ്ങാന്‍ മടിച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണെന്നും തന്റെ പെന്‍ഷന്‍ കാശാണ് ഇതെന്നും പറഞ്ഞ് ആ പൈസ ഏല്പിച്ചെന്നും പറഞ്ഞാണ് സൂസന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

വി.എസ്….. നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു. കണ്ണേ, കരളേ വി.എസേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി, തൊണ്ട ഇടറി, കണ്ണ് നിറഞ്ഞ്, ജീവന്റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്. വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.

സൂര്യനെല്ലി കേസും വി.എസും

അത് വലിയൊരു ചരിത്രമാണ്. അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി.എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വി.എസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു.

അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വി.എസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി. പ്രായം 85നു മേല്‍.

അതിന് അടുത്ത ആഴ്ച വി.എസ് ചങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വി.എസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു.

അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.” അതാണ് വി.എസ്. അങ്ങനെയായിരുന്നു വി.എസ്. വിട ! ഈ നൂറ്റാണ്ടിന്റെ നായകന്…

Content Highlight: Suja Susan George shares the memories of V S Achuthanandan

We use cookies to give you the best possible experience. Learn more