ദല്‍ഹിയില്‍ മാനവവിഭശേഷി മന്ത്രാലയത്തിനു മുന്നില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് നരനായാട്ട് നടത്തി. പ്രതിഷേധക്കാരും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളോട് തുടക്കം മുതല്‍ തന്നെ പ്രകോപനപരമായാണ് പോലീസ് ഇടപെട്ടത്. വിദ്യാര്‍ഥികള്‍ ബാരിക്കേഡിനു മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പോലീസ് നരനായാട്ട് ആരംഭിച്ചു. വിദ്യാര്‍ഥികള്‍ പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ദല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് , മന്ദിര്‍ മാര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യന്‍ സയന്‍സില്‍ രോഹിതിന്റെ മരണത്തിന്റെ കുറ്റക്കാരെ ശിക്ഷിക്കുക എന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
മദ്രാസ് ഐ.ഐ.ടിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റി, ഒസ്മാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും വ്യാപകമായ പ്രതിഷേധ പരിപാടികള്‍ നടന്നു. ജാതി പേറുന്ന ഇന്ത്യന്‍ ആഗ്രഹാരങ്ങളെ തച്ചുടകുക , കാവിവല്‍ക്കരണം തുലയട്ടെ , സംഘ് നോമിനികളെ ഡിസ്മിസ് ചെയ്യുക , ജയ് ഭീം അംബേദ്ക്കര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പരിപാടികളില്‍ മുഴങ്ങി.
രോഹിത് ആത്മഹത്യ ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ മരണത്തിനു കാരണക്കാരനായവര്‍ക്കെതിരെ നടപടിയെടുത്തതിനുശേഷമേ മൃതദേഹം കൊണ്ടുപോകാനാകൂയെന്നു പറഞ്ഞ് വിദ്യാര്‍ഥികള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധിച്ചിരുന്നു. സാമൂഹ്യ വിലക്കിന്റെ ഇരയാണ് രോഹിത് എന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. രാത്രിമുഴുവന്‍ രോഹിത്തിന്റെ മൃതശരീരത്തിനു ചുറ്റും മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെ പോലീസ് മൃതദേഹം എടുത്തുകൊണ്ടുപോകുകയും തടയാന്‍ ശ്രമിച്ച എട്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ 144 പ്രഖ്യാപിച്ചു.
രോഹിതിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജാതീയതക്കെതിരെയും കേരളത്തിലെ തെരുവുകളിലും ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു. കോഴിക്കോട് ഫാറൂക്ക് കോളേജില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്ന് ക്ലാസ്സുകള്‍ ബഹിഷ്‌കരിക്കുകയും ക്യാമ്പസിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ഫോട്ടോ: ബിജു ഇബ്രാഹിം
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലും എം.ജി യൂണിവേയ്‌സിറ്റി ക്യാമ്പസിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് മാനാഞ്ചിറ , തൃശൂര്‍ സാഹിത്യ അക്കാദമി പരിസരം , എറണാകുളം ഫോര്‍ട്ട് കൊച്ചി , തിരുവനന്തപുരം ഗാന്ധി പ്രതിമാ പരിസരം , മഞ്ചേരി എന്നിവിടങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ നടന്നു. കൊച്ചിയില്‍ നടന്ന പ്രതിഷേധ പ്രകടനം പ്രമുഖ സാമൂഹിക പ്രവര്‍ത്തക മീന കന്തസ്വാമി ഉദ്ഘാടനം ചെയ്തു.