| Friday, 14th February 2025, 10:42 am

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം; സ്‌കൂള്‍ ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ബെന്‍സണ്‍ അബ്രഹാമാണ് മരിച്ചത്.

ഇന്നലെ (വ്യാഴം) വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്ന് (വെള്ളി) രാവിലെയോടെ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതിന് പിന്നാലെ സ്‌കൂള്‍ ക്ലര്‍ക്കിനെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തി. വിദ്യാര്‍ത്ഥിയെ മാനസികമായി ക്ലര്‍ക്ക് പീഡിപ്പിച്ചെന്നാണ് ആരോപണം.

റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി സീല്‍ ചെയ്യാന്‍ ഓഫീസിലെത്തിയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്ന് കുട്ടിയുടെ മാതൃസഹോദരന്‍ സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രൊജക്റ്റില്‍ സീല്‍ ചെയ്യാന്‍ ക്ലര്‍ക്ക് വിസമ്മതിച്ചുവെന്നും അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ. സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറ‌ഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രിയോടെ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലര്‍ക് വാട്‌സ് ആപ്പിലൂടെ അറിയിച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആര്‍.ടി.ഒ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആരോപണങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും എം.എല്‍.എ ജി. സ്റ്റീഫന്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയടക്കം അധികൃതര്‍ പരിശോധിക്കും. ബെന്‍സണിന്റെ റെക്കോര്‍ഡ് ക്ലര്‍ക്ക് സീല്‍ ചെയ്തു കൊടുത്തില്ലെന്നാണ് പറയുന്നതെന്നും എം.എല്‍.എ പറഞ്ഞു.

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്ലര്‍ക്ക് ഇന്നലെ വിദ്യാര്‍ത്ഥിക്കെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയും അമ്മയുമായി സംസാരിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ കുട്ടിയെ കുടുംബം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെന്നുമാണ് വിവരം.

Content Highlight: Suicide of Plus One student in Kattakada; Family alleges mental torture by school clerk

We use cookies to give you the best possible experience. Learn more