| Friday, 17th October 2025, 9:50 pm

ആര്‍.എസ്.എസിനെതിരെ കുറിപ്പെഴുതി ആത്മഹത്യ; ലൈംഗിക പീഡനത്തിന് നിധീഷ് മുരളീധരന് എതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമ്പാനൂര്‍: ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി അനന്തു ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളീധരനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്.

വിഷയത്തില്‍ പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. പിന്നാലെയാണ് നിധീഷ് മുരളീധരനെതിരെ കേസെടുത്തത്. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറി.

ജീവനൊടുക്കിയ അനന്തു

കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്തെ ലോഡ്ജില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അനന്തുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു എന്ന് യുവാവ് വെളിപ്പെടുത്തുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. എന്‍.എം എന്നായിരുന്നു കുറിപ്പില്‍ പ്രതിയെ കുറിച്ച് നല്‍കിയിരുന്ന സൂചന.

സംഭവം വലിയ വിവാദമായെങ്കിലും പ്രതികളുടെ പേര് വെളിപ്പെടുത്താത്തത് ചൂണ്ടിക്കാണിച്ച് സംഭവത്തെ ന്യായീകരിക്കാന്‍ ആര്‍.എസ്.എസ് തേൃത്വം ശ്രമിച്ചരുന്നു. എന്നാല്‍, രണ്ടുദിവസത്തിനിപ്പുറം യുവാവിന്റെ ഷെഡ്യൂള്‍ ചെയ്ത ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്തെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തന്നെ ഉപദ്രവിച്ച നിധീഷ് മുരളീധരന്റെ പേര് വെളിപ്പെടുത്തുന്നതായിരുന്നു യുവാവിന്റെ വീഡിയോ.

മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് കൂടുതല്‍ തെളിവുകളും ലഭിച്ചിരുന്നു. പീഡനത്തെ കുറിച്ച് യുവാവ് മാതാവിനെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അനന്തുവിന്റെ മരണത്തില്‍ തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തെത്തിയതോടെ കേസില്‍ 377ാം വകുപ്പ് കൂടി ചേര്‍ക്കുകയായിരുന്നു.

തനിക്ക് ഒരു മൂന്ന് നാല് വയസ് പ്രായമുള്ള കാലം തൊട്ട് വീടിനുസമീപത്തെ ഒരാള്‍ ലൈംഗികമായി പീഡനത്തിനിരയാക്കാറുണ്ടായിരുന്നു. അത് തന്നെ ഒ.സി.ഡിയിലേക്ക് നയിച്ചു. അന്നുതാനനുഭവിച്ചത് പീഡനമാണെന്ന് മനസിലായത് വളരെ താമസിച്ചാണ്.

തന്നെ പീഡനത്തിനിരയാക്കിയ വ്യക്തി ഇപ്പോള്‍ വിവാഹിതനായി നല്ലരീതിയില്‍ ജീവിക്കുകയാണ്. അവനൊന്നും ഒന്നും അറിയണ്ടെന്ന് യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നു.

തനിക്ക് ഒരു നല്ല മകനോ സഹോദരനോ ആകാന്‍ സാധിച്ചിരുന്നില്ലെന്നും ആര്‍.എസ്.എസ് ശാഖകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ്ങാണെന്നും യുവാവ് വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ആത്മഹത്യാക്കുറിപ്പില്‍ നാലാമത്തെ വയസുമുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനില്‍ നിന്നും നേരിടുന്ന പീഡനത്തെ കുറിച്ച് യുവാവ് വെളിപ്പെടുത്തിയ യുവാവ്, തനിക്ക് പലപ്പോഴും പാനിക് അറ്റാക്ക് വന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

Content Highlight :Suicide by writing a note against RSS; Case registered against Nitish Muraleedharan

We use cookies to give you the best possible experience. Learn more