| Friday, 8th May 2026, 1:23 pm

അധ്യാപകരുടെ പീഡനം മൂലം ആത്മഹത്യ: മലപ്പുറത്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയത്തിൽ വ്യാപക പ്രതിഷേധം

മുഹമ്മദ് നബീല്‍

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ് ആത്മഹത്യ ചെയ്തതിൽ വിദ്യാർത്ഥി സംഘടനകളുടെ വ്യാപക പ്രതിഷേധം.

എസ്.എഫ്.ഐ പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് സ്കൂളിനകത്ത് പ്രവേശിച്ചു. അഞ്ഞൂറിലധികം വിദ്യാത്ഥികളുമായാണ് എസ്.എഫ്.ഐ മാർച്ച് സംഘടിപ്പിച്ചത്.

നേരത്തെ എം.എസ്.എഫ്, ഫ്രറ്റേർണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

അധ്യാപകരുടെ പീഡനംമൂലമാണ് തേജസ് ജീവനൊടുക്കിയതെന്ന പരാതിയുമായി കുടുംബം കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

സ്കൂളിൽ നിന്നുള്ള പീഡനം മൂലം രക്ഷിതാക്കൾ ടി.സി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മോറൽ സയൻസിൽ മാർക്ക് കുറവായതിനാൽ പരീക്ഷ എഴുതിയാലേ ടി.സി നൽകാനാവൂ എന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ നിലപാട്. അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് ടി.സി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പറഞ്ഞു.

ടി.സിയിൽ കുട്ടിയെക്കുറിച്ച് മോശം അഭിപ്രയം രേഖപെടുത്തുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. അതേസമയം സ്കൂൾ അധികൃതർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Content Highlight: Suicide due to harassment by teachers: Widespread protest over eighth grader’s suicide in Malappuram

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more