| Friday, 18th September 2026, 7:09 pm

നിസ്‌ക്കാരത്തിനിടെ പാകിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം: 16 പേര്‍ കൊല്ലപ്പെട്ടു

അഞ്ജു ചന്ദ്രന്‍

ഇസ്‌ലമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹാട്ടില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച നമസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടിയ സമയത്താണ് ശക്തമായ സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പഴയ പൊലീസ് ലൈന്‍സ് പ്രദേശത്തിന് സമീപമുള്ള പള്ളിയിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ പള്ളിക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് പ്രകാരം മരിച്ചവരില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും പത്ത് സാധാരണക്കാരും ഉള്‍പ്പെടുന്നു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തിന് പിന്നാലെ പൊലീസ് കോംപൗണ്ടിലേക്ക് ആയുധധാരികള്‍ കടക്കാന്‍ ശ്രമിച്ചതായും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

പ്രദേശത്ത് അടുത്തിടെ സുരക്ഷാസേനയ്ക്കും സാധാരണക്കാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Suicide attack on a mosque in Pakistan during prayers: 16 killed.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more