| Saturday, 28th June 2025, 5:11 pm

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 13 സൈനികര്‍ കൊല്ലപ്പെട്ടു, 20ലധികം പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

ഇന്ന് (ശനി) പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഡിസ്‌പോസല്‍ യൂണിറ്റിന്റെ മൈന്‍-റെസിസ്റ്റന്റ് ആംബുഷ് പ്രൊട്ടക്റ്റഡ് വാഹനത്തിലേക്കാണ് ചാവേര്‍ ബോംബർ ഇടിച്ചുകയറിയത്.

ആക്രമണത്തില്‍ 20ലധികം സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ നാല് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരില്‍ പത്തിലധികം സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

സ്‌ഫോടനത്തില്‍ സമീപത്തുണ്ടായ രണ്ട് വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നുവെന്നും ആറ് കുട്ടികള്‍ക്ക് പരിക്കേറ്റതായും മേഖലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

പാകിസ്ഥാന്‍ താലിബാന്റെ ഒരു വിഭാഗമായ ഹാഫിസ് ഗുല്‍ ബഹാദൂര്‍ സായുധ സംഘത്തിന്റെ ചാവേര്‍ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും വിവരമുണ്ട്. ഉസുദ് അല്‍-ഹര്‍ബ് എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.

2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതോടെ പാക് അതിര്‍ത്തികളില്‍ നടക്കുന്ന ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ.എഫ്.പിയുടെ കണക്കുകള്‍ അനുസരിച്ച് പാകിസ്ഥാനിലുടനീളമായി നടന്ന ആക്രമണങ്ങളില്‍ 250ലധികം സൈനികര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാന്‍, കെച്ച് മേഖലകളില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ 14ലധികം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക വാഹനത്തിന് നേരെയായിരുന്നു ഈ ആക്രമണവും. പാകിസ്ഥാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്റര്‍ താരിഖ് ഇമ്രാന്‍, സുബേദാര്‍ ഉമര്‍ ഫാറൂഖ് എന്നിവരുള്‍പ്പെടെ 12 സൈനികര്‍ ഉണ്ടായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.

ഇതിനുമുമ്പ് ബലൂചിസ്ഥാനില്‍ സ്‌ഫോടനമുണ്ടായതായും ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ അര്‍ധസൈനികരാണ് കൊല്ലപ്പെട്ടതെന്നും അഞ്ച് സൈനികര്‍ക്ക് സാരമായി പരിക്കേറ്റെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlight: Suicide attack in Pakistan; 13 soldiers killed, more than 20 injured

We use cookies to give you the best possible experience. Learn more