കൂടെവിടെ (1983) എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സുഹാസിനി. 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി അഭിനയിച്ചു.
സംവിധായകന്‍ മണി രത്‌നമാണ് സുഹാസിനിയുടെ പങ്കാളി. നടന്‍ കമല്‍ ഹാസന്‍ നടിയുടെ അമ്മാവനാണ്. എന്നാല്‍ മണി രത്‌നത്തിന്റെ സിനിമകളില്‍ സുഹാസിനി ഇതുവരെ അഭിനയിച്ചിട്ടില്ല. കമല്‍ ഹാസനൊപ്പം ഒരു കന്നഡ സിനിമയില്‍ മാത്രമാണ് നടി അഭിനയിച്ചത്.
ഇപ്പോള്‍ തമിഴ് സിനിമയില്‍ എന്തുകൊണ്ടാണ് കമല്‍ ഹാസനൊപ്പം അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുഹാസിനി. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ മണിയുടെ (മണി രത്‌നം) സിനിമകളിലൊന്നും ഇതുവരെ അഭിനയിച്ചിട്ടില്ല. അതുപോലെ തന്നെ ഞാന്‍ കമലിന്റെ കൂടെ തമിഴില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. കമലിന്റെ അനിയത്തി ആയിട്ടോ മകളായിട്ടോ ഈക്വലായി നില്‍ക്കുന്ന കഥാപാത്രമായിട്ടോ അഭിനയിച്ചിട്ടില്ല.
കാര്‍ത്തിക ചെയ്ത കഥാപാത്രം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതുപോലെ സലങ്കൈ ഒലി എന്ന സിനിമയില്‍ ശൈലജയുടെ കഥാപാത്രവും ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. നായകന്‍ സിനിമ മണിയാണ് സംവിധാനം ചെയ്തത്, കമല്‍ അതില്‍ നായകനായി അഭിനയിച്ചു.
ആ സമയത്ത് എന്റെയും മണിയുടെയും വിവാഹം നടന്നിരുന്നില്ല. പക്ഷെ സിനിമയില്‍ ആദ്യം എന്നെ ആയിരുന്നു കാസ്റ്റ് ചെയ്തത്. പിന്നെ എന്തോ കാരണം കൊണ്ട് പുതുമുഖമായ ആരെങ്കിലും ആണെങ്കില്‍ നന്നാകുമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ കാര്‍ത്തിക വന്നു,’ സുഹാസിനി പറയുന്നു.
Content Highlight: Suhasini Talks About Kamal Haasan Movies