| Sunday, 20th July 2025, 6:32 am

ഇനി ഗ്ലാമറിന് വേറെയാളെ നോക്കാമെന്ന് പറയും; അത് ഞാന്‍ ഒരുപാട് സഹിച്ചു: സുഹാസിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സുഹാസിനി. മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അവര്‍ 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്കെത്തിയത്. പിന്നീട് മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ നായികയായും സുഹാസിനി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രം സൗന്ദര്യം എന്നതിന്റെ ഡഫനിഷന്‍ വേറെയാണെന്ന് പറയുകയാണ് നടി. സൗന്ദര്യവും ഗ്ലാമറും തമ്മില്‍ ബന്ധമില്ലാത്തത് പോലെയാണ് സിനിമയില്‍ ആളുകള്‍ സംസാരിക്കുകയെന്നും സുഹാസിനി പറഞ്ഞു.

താന്‍ അങ്ങനെ ഒരുപാട് സഹിച്ചിട്ടുണ്ടെന്നും ‘സുഹാസിനി ഉണ്ടല്ലോ, ഇനി ഗ്ലാമറിന് വേറെ ആരെയെങ്കിലും നോക്കാം’ എന്നാണ് പറയുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിത്യ മേനനൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഹാസിനി.

‘നമ്മളുടെ സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രം സൗന്ദര്യം എന്നതിന്റെ ഡഫനിഷന്‍ വേറെയാണ്. സൗന്ദര്യവും ഗ്ലാമറും എന്ന് പറഞ്ഞ് രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. പക്ഷെ ഈ പറഞ്ഞ കാര്യങ്ങള്‍ രണ്ടും തമ്മില്‍ ബന്ധമില്ലാത്തത് പോലെയാണ് ആളുകള്‍ സംസാരിക്കുക.

നന്നായി അഭിനയിക്കുന്ന ആള്‍ ബ്യൂട്ടിഫുള്‍ ആണ്. അപ്പോഴും സിനിമയില്‍ ഗ്ലാമര്‍ എന്നത് വേറെയാണ്. ഞാന്‍ അങ്ങനെ ഒരുപാട് സഹിച്ചിട്ടുണ്ട്. ‘സുഹാസിനി ഉണ്ടല്ലോ, ഇനി ഗ്ലാമറിന് വേറെ ആരെയെങ്കിലും നോക്കാം’ എന്നാണ് അവര്‍ പറയുക.

ഇത് എന്താണ് സംഭവമെന്ന് ഒരിക്കലും മനസിലാകില്ല. ‘ഹീറോയിന്‍ ആയിട്ട് അവര്‍ ഉണ്ടല്ലോ. അവര് നന്നായി അഭിനയിക്കും. കാണാനും നന്നായിരിക്കും. പക്ഷെ ഗ്ലാമറിന് വേറെ ആളെ നോക്കാം’ എന്ന് പറയും,’ സുഹാസിനി പറയുന്നു.

Content Highlight: Suhasini says that the definition of beauty is different in the film industry

We use cookies to give you the best possible experience. Learn more