ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് സുഹൈല്‍ കോയ. മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കത്തോട്ടം’ എന്ന ഗാനത്തിലൂടെയാണ് വലിയ പ്രേക്ഷ ശ്രദ്ധ നേടിയത്.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ 2019ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. മാത്യൂ തോമസ്, അനശ്വര രാജന്‍, നസ്‌ലെന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റെന്ന് മാത്രമല്ല ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷനും നേടി.
സിനിമയിലെ ജാതിക്കാ തോട്ടം പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനമായിരുന്നു, ‘എന്ത് വിധിയിത്’ എന്ന് തുടങ്ങുന്ന ഗാനം. പ്രണയ നൈരാശ്യം കൊണ്ട് ഹൃദയം തകര്‍ന്ന ജെയ്‌സന്റെ മാനാസികാവസ്ഥയെ തമാശരൂപേണയാണ് സുഹൈല്‍ കോയ എഴുതിയിരിക്കുന്നത്. ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ട ഈ ഗാനത്തെ കുറിച്ച് സംസാരിക്കുയാണ് സുഹൈല്‍ കോയ.
‘പ്രണയം തകര്‍ന്നിരിക്കുമ്പോഴുള്ള പാട്ടാണ് ‘എന്ത് വിധിയിത്’. ദുരന്തമാണല്ലോ, അത് എഴുതാന്‍ അത്ര എളുപ്പമല്ല. തമാശ രൂപത്തില്‍ എഴുതാം അല്ലെങ്കില്‍ മനസിലാകില്ല എന്ന് ഞാന്‍ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസിനോട് പറഞ്ഞു. ഒരു പ്രാര്‍ഥനാഗീതം പോലെയാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിനും പറഞ്ഞു.
എന്നാല്‍ അങ്ങനെ പിടിക്കാം എന്ന് ഞാനും. ‘ദൈവമേ’ എന്ന വിളിയില്‍ തുടങ്ങി. അതിനുശേഷമുള്ള വരി കിട്ടുന്നില്ല. ജസ്റ്റിന്‍ വിളിച്ചപ്പോള്‍ വരി കിട്ടാതെ അവനോട് ഞാന്‍ ‘എന്ത് വിധിയിത് എന്ന് വെറുതെ പറഞ്ഞു. പെട്ടെന്ന് ഈ ഐറ്റം തലയില്‍ കത്തി. അങ്ങനെയാണ് എന്ത് വിധിയിത്, വല്ലാത്ത ചതിയിത് എന്ന വരി വന്നത്. വിദ്യാധരന്‍ മാഷാണ് പാടിയത്,’ സുഹൈല്‍ കോയ പറഞ്ഞു.
താന്‍ പാടുന്നത് വളരെ ചുരുക്കമാണെന്നും തിരക്കഥയെഴുത്തിന്റെയും പാട്ടെഴുത്തിന്റെയും സൈഡിലൂടെ നടക്കുന്ന പരിപാടി മാത്രമാണ് അതെന്നും അദ്ദേഹം പറയുന്നു നാലഞ്ച് പാട്ടുകളേ താന്‍ പാടിയിട്ടുള്ളുവെന്നും വേറെ ഒരു ടോണില്‍ പാടാനാണ് തനിക്ക് പലപ്പോഴും ഇഷ്ടമെന്നും സുഹൈല്‍ കോയ പറഞ്ഞു. ‘ഖല്‍ബ്’ എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ താന്‍ പങ്കാളിയായിരുന്നുവെന്നും മറ്റൊരു സിനിമയ്ക്കായി തിരക്കഥയെഴുതുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ഗിരീഷ് എ.ഡി ചിത്രങ്ങളിലും സുഹൈല്‍ ഗാനരചയിതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ചിറാപ്പൂഞ്ചി മഴയത്ത് എന്ന ഗാനത്തിന് വരികളെഴുതിയും അദ്ദേഹമായിരുന്നു.
Content Highlight: Suhail Koya talks about the song ‘Enth Vidhiyith’ from the movie Thanneer Mathan Dinangal