ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് സുഹൈല്‍ കോയ. മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ച് അദ്ദേഹം, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കത്തോട്ടം’ എന്ന ഗാനത്തിലൂടെ വലിയ പ്രേക്ഷ ശ്രദ്ധ നേടി.
തുടര്‍ന്ന് സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ഗിരീഷ് എ.ഡി ചിത്രങ്ങളിലും ഗാനരചയിതാവായി പ്രവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ചിറാപ്പൂഞ്ചി മഴയത്ത് എന്ന ഗാനത്തിന് വരികളെഴുതിയും അദ്ദേഹമായിരുന്നു. നിഹാല്‍ സാദിഖ് സംഗീതം സംവിധാനം നിര്‍വഹിച്ച ഈ ആല്‍ബം സോങ് ആലപിച്ചത് ഹനാന്‍ ഷായാണ്.
ഇപ്പോഴിതാ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ചിറാപ്പൂഞ്ചി മഴയത്ത് എന്ന ഗാനം അത്ര ഹിറ്റാകുമെന്ന് കരുതിയില്ലെന്ന് സുഹൈല്‍ കോയ പറയുന്നു.
‘അതിന്റെ വരികള്‍ നേരത്തെ എഴുതിവെച്ചതാണ്. സുഹൃത്തായ മ്യൂസിക് ഡയറക്ടര്‍ നിഹാലുമായി അത് പങ്കുവച്ചു. അവന്‍ വരികള്‍ മൂന്ന് തരത്തില്‍ ട്യൂണ്‍ ചെയ്ത് കേള്‍പ്പിച്ചു. അതിലൊന്ന് എനിക്കിഷ്ടമായി. അവന്റെ സുഹൃത്താണ് ഹനാന്‍ ഷാ. അങ്ങനെ ഹനാനുമായി ചേര്‍ന്ന് ആ പാട്ട് ചെയ്തു. ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. റീല്‍സിലും മറ്റുമെല്ലാം വന്‍ ട്രെന്‍ഡായിരുന്നു,’ സുഹൈലിന്റെ വാക്കുകള്‍.
മറ്റുള്ളവരുടെ വരികള്‍ സ്വാധീനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്വാധീനത്തെക്കാള്‍ ഇഷ്ടമാണ് തോന്നിയതെന്നായിരുന്നു സുഹൈലിന്റെ മറുപടി. അന്‍വര്‍ അലി, റഫീഖ് അഹമ്മദ് തുടങ്ങി പഴയ പി. ഭാസ്‌ക്കരന്‍, ഒ.എന്‍.വി എന്നിവരെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
വരികളിലൂടെ അസാധ്യമായി അത്ഭുതപ്പെടുത്തുന്നവരാണ് ഇവരെന്നും പുതിയ പാട്ടുകളില്‍ എപ്പോഴും പുതിയ ഇമേജറികള്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും സുഹൈല്‍ കോയ കൂട്ടിച്ചേര്‍ത്തു.
താമരയും ആമ്പല്‍ക്കുളവും ആയിരുന്നു പണ്ടത്തെ വര്‍ണ്ണനകള്‍ എന്നാല്‍, ഇന്ന് അത് അഞ്ച് രൂപാ മഞ്ച് പോലെ എന്നാക്കിയെന്നും ഉപമകള്‍ ശുഷ്‌കിച്ചുപോയ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Suhail Koya is talking about the song Cherrapunji Mazhayat