| Sunday, 25th September 2016, 8:41 pm

മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ മലയാളം അധ്യാപകര്‍ക്ക് പകരം അറബി അധ്യാപകരെ നിയമിച്ചെന്ന് സുഗതകുമാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ സ്‌കൂളുകളില്‍ മലയാളം അധ്യാപകരുടെ ഒഴിവില്‍ നിയമിച്ചത് അറബി അധ്യാപകരെ. വിദ്യഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നിയമനമെന്നാണറിയാന്‍ കഴിഞ്ഞത്.


തിരുവനന്തപുരം:  കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ സ്‌കൂളുകളില്‍ മലയാളം അധ്യാപകരുടെ ഒഴിവില്‍ നിയമിച്ചത് അറബി അധ്യാപകരെയെന്ന് സുഗത കുമാരി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം നടത്തിയ ജന്മഭൂമിയിലെ അഭിമുഖത്തിലാണ് സുഗത കുമാരിയുടെ ഈ പരാമര്‍ശവുമുള്ളത്.

സുഗതകുമാരിയുടെ വാക്കുകള്‍

കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലയാളം അധ്യാപകരുടെ ഒഴിവു വന്നപ്പോള്‍ നിയമിച്ചത് അറബി അധ്യാപകരെയാണ്. മലയാളം എഴുതാന്‍ പോലും അറിയാത്ത അറബി മാത്രം അറിയാവുന്ന ആളുകളെയാണ് നിയമിച്ചത്. വിദ്യഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നിയമനമെന്നാണറിയാന്‍ കഴിഞ്ഞത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിമനല്‍ പശ്ചാത്തലമുള്ളവരും വിദ്യഭ്യാസമില്ലാത്തവരാണെന്നും ഇത്തരം തൊഴിലാളികളുടെ ക്രമാതീതമായ കുടിയേറ്റമാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അഭിമുഖത്തില്‍ സുഗത കുമാരി പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

സുഗതകുമാരിയുടെ പരാമര്‍ശത്തിനെതിരെ നവമാധ്യമങ്ങളില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അഭിമുഖം വിവാദമായതോടെ “അത് എന്റെ ഭാഷയല്ല” എന്ന തലക്കെട്ടില്‍ സുഗതകകുമാരി മാതൃഭൂമിയില്‍ ഒരു വിശദീകരണക്കുറിപ്പ് നല്‍കിയിരുന്നു.

“തന്റെ ഭാഷ ഇതല്ല” എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സുഗത കുമാരി പറഞ്ഞിരുന്നു. എന്നാല്‍ ജന്മഭൂമിയിലെ ലീല മേനോനുമായുള്ള അഭിമുഖത്തില്‍ സുഗത കുമാരി പറഞ്ഞത് തന്നെയാണ് “കേട്ടതും കേള്‍ക്കേണ്ടതും” പംക്തിയില്‍ പ്രസിദ്ധീകരിച്ചിരുന്നത്.


We use cookies to give you the best possible experience. Learn more