| Friday, 13th November 2009, 4:56 pm

എഴുത്തച്ഛന്‍ പുരസ്‌കാരം സുഗതകുമാരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കവയത്രി സുഗതകുമാരിക്ക് ലഭിച്ചു. ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്ര സംഭാവനക്കാണ് സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കവി ഒ എന്‍ വി കുറുപ്പ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. എം മുകുന്ദന്‍ , ഡോ ഡി ബഞ്ചമിന്‍ , പ്രൊഫ എസ് ശ്രീദേവി എന്നിവരും സമിതിയിലെ അംഗങ്ങളായിരുന്നു. അര നൂറ്റാണ്ടിനിടെ മലയാള കവിതക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികമന്ത്രി എം.എ.ബേബി പറഞ്ഞു. സ്ത്രീയുടെ രോദനം നമ്മെ കേള്‍പ്പിക്കുക മാത്രമല്ല അവര്‍ക്ക് അഭയ സങ്കേതംകൂടി ഒരുക്കിയ കവയത്രിയാണ് സുഗതകുമാരിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരസ്‌കാര വിവരം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി എം.എ. ബേബി. പുരസ്‌കാരം നല്‍കുന്ന തീയതി പിന്നീട് അറിയിക്കും.

2006 പദ്മശ്രീ ലഭിച്ച സുഗതകുമാരിക്ക് 1978ലേയും 2004ലേയും കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ലഭിച്ചു. ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, വൃക്ഷമിത്ര അവാര്‍ഡ് എന്നിവയും സുഗതകുമാരി ടീച്ചറെ തേടിയെത്തി.

കൃഷ്ണകവിതകള്‍ , രാധയെവിടെ, പാതിരാപ്പൂക്കള്‍ , ഇരുള്‍ച്ചിറകുകള്‍ , കുറിഞ്ഞിപ്പൂക്കള്‍ , മുത്തുച്ചിപ്പികള്‍ , പാവം മാനവഹൃദയം, തുലാവര്‍ഷപ്പച്ച എന്നിവയാണ് പ്രധാന കൃതികള്‍ . വനിതാ കമ്മീഷന്‍ അധ്യക്ഷ, ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പല്‍ , തളിര് മാസികയുടെ എഡിറ്റര്‍ എന്നീ നിലകളിലും സുഗതകുമാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more