| Thursday, 3rd November 2016, 3:51 pm

പീഡനത്തിനിരയായ പെണ്‍കുട്ടികളോടുള്ള വക്കീലന്‍മാരുടെ ചോദ്യം കേട്ടാല്‍ തൊലിയുരിഞ്ഞുപോകും; സുഗതകുമാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പീഡനത്തിരിയാകുന്ന പെണ്‍കുട്ടികള്‍ കോടതികളിലും കടുത്ത അപമാനമാണ് നേരിടേണ്ടിവരുന്നത്. വക്കീലന്മാരുടെ ചോദ്യം കേട്ടാല്‍ തൊലിയുരിഞ്ഞുപോകും.  ഇതിനെതിരെ ജഡ്ജിമാരോട് പരാതി പറയുന്ന സാഹചര്യങ്ങളുമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു.


തിരുവനന്തപുരം :  ബലാത്സംഗം ചെയ്ത് കൊന്നാല്‍ പോലും അവരെ രക്ഷിക്കാന്‍ ഇന്നത്തെ കാലത്ത് ആളുണ്ടെന്ന് കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി. വടക്കാഞ്ചേരിയില്‍ യുവതിയെ സി.പി.ഐ.എം നേതാവ് ഉള്‍പ്പെട്ട സംഘം പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സുഗതകുമാരി.

പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറി. വേട്ടക്കാര്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. പെണ്‍കുട്ടികള്‍ ഇന്നും ബലിയാടായിക്കൊണ്ടിരിക്കുകയാണ്.

പീഡനത്തിരിയാകുന്ന പെണ്‍കുട്ടികള്‍ കോടതികളിലും കടുത്ത അപമാനമാണ് നേരിടേണ്ടിവരുന്നത്. വക്കീലന്മാരുടെ ചോദ്യം കേട്ടാല്‍ തൊലിയുരിഞ്ഞുപോകും.  ഇതിനെതിരെ ജഡ്ജിമാരോട് പരാതി പറയുന്ന സാഹചര്യങ്ങളുമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു.

സ്ത്രീകളുടെ കണ്ണീരിന്റെ കഥകള്‍ തുടരുകയാണെന്നും എത്രയോ വര്‍ഷമായി ഇത്തരം മുഖം പൊത്തിക്കരഞ്ഞ മുഖങ്ങള്‍ കേരളം കാണുന്നെന്നും സുഗതകുമാരി പ്രതികരിച്ചു.

ഇത്തരത്തില്‍ പീഡനത്തിനിരയായ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ കേരളത്തിലുണ്ട്്. അവരില്‍ ആര്‍ക്കാണ് നീതി ലഭിച്ചതെന്നും സുഗതകുമാരി ചോദിക്കുന്നു.

ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുവതി താന്‍ നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

വടക്കാഞ്ചേരിയിലെ സി.പി.ഐ.എം പ്രാദശിക നേതാവ് ജയന്തന്‍, ബിനേഷ്, ജിതേഷ്, ഷിബു എന്നിവരാണ് പ്രതികളെന്ന് പീഡനത്തിനിരയായ യുവതി വെളിപ്പെടുത്തിയിരുന്നു.

ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി ഇന്നലെയാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

പരാതി നല്‍കിയ സ്ത്രീയെ പൊലീസ് അപമാനിച്ചതായും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു വീട്ടില്‍ ഭര്‍ത്താവില്ലാതിരുന്ന ഒരു ദിവസം ഭര്‍ത്താവിന്റെ നാല് സുഹൃത്തുക്കള്‍ വന്ന് സ്ത്രീയോട് ഭര്‍ത്താവിന് ചെറിയൊരു പ്രശ്‌നമുണ്ടെന്നും ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്നും പറയുകയായിരുന്നെന്നും പരിചയക്കാരായിരുന്നതിനാല്‍ അവരോടൊപ്പം ചെന്ന സ്ത്രീയെ നഗരത്തില്‍ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ നിന്ന് തന്നെ ബന്ധപ്പെട്ടതായും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞതായും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more