ന്യൂദല്‍ഹി: സൂഫിയ മഅദനിയെ ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കോടതിക്ക് പുറത്ത് വിചാരണക്ക് വിധേയമാക്കുകയാണെന്ന് അമ്പതോളം സാമൂഹിക പ്രമുഖര്‍ ദല്‍ഹിയില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജുഡീഷ്യറിയെ മറികടന്ന് സൂഫിയ മഅദനിയെ വിചാരണ ചെയ്തതിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ മുസ്‌ലിം വിരോധം പ്രകടിപ്പിക്കുകയാണെന്നും പ്രസ്താവന പറയുന്നു. പ്രമുഖ കവി സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അക്കാദമിക് രംഗത്തെ പ്രമുഖരമടങ്ങുന്ന 45 പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
രാജ്യത്തെ മലയാള മാധ്യമങ്ങള്‍ക്ക് പൊതുവായുള്ള മുസ്‌ലിം വിരോധത്തിന്റെ അടിസ്ഥാനത്തില്‍ വേണം സൂഫിയക്കെതിരായ പ്രചാരണത്തെ കാണാന്‍ .ഇത്തരമൊരു സന്ദര്‍ഭത്തില്‍ വരും ദിവസങ്ങളില്‍ അവരുടെ മൗലികാവകാശങ്ങള്‍ പലതും ബലി കഴിക്കുമെന്നാണ് തങ്ങള്‍ ഭയക്കുന്നു. അവര്‍ക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ അത്തരം അന്യായം ഉണ്ടാകാതിരിക്കാന്‍ കൂട്ടായ ശബ്ദം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പ്രസ്താവന ഓര്‍മ്മപ്പെടുത്തുന്നു.
കഴിഞ്ഞ കുറെ വര്‍ഷമായി മുസ്‌ലിം സമുദായത്തിലെ നിരവധി ആക്ടിവിസ്‌ററുകളെയും വിദ്യാര്‍ഥികളെയും ഇത് പോലെ ഭീകരത ആരോപിച്ച് പ്രൊസിക്യൂട്ട് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. നിരവധി വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അവരില്‍ പലരെയും നിരപരാധികളാണെന്ന് കണ്ടെത്തി പുറത്ത് വിട്ടത്. എന്നാല്‍ അക്കാലത്തിനിടയില്‍ അവരുടെ മൗലികാവകാശങ്ങള്‍ പലതും കവര്‍ന്നു. ജുഡീഷ്യറിയെ പോലും സ്വാധീനിക്കുന്ന തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വൈകാരിക കഥകളാണ് ഈ സംഭവങ്ങളില്‍ മീഡിയ മെനഞ്ഞതെന്നും പ്രസ്തവന വിശദീകരിക്കുന്നു. നീണ്ട പത്തുവര്‍ഷത്തെ വിചാരണയില്ലാത്ത തടവ് കഴിഞ്ഞ് ഭര്‍ത്താവ് അബ്ദു നാസര്‍ മഅദനി പുറത്ത് വന്ന ശേഷമാണ് സൂഫിയക്കെതിരായി മാധ്യമ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്നും പ്രസ്തവന ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ കവി സച്ചിദാനന്ദനു പുറമെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം ജോണ്‍ ദയാല്‍ , പെന്‍ഗ്വിന്‍ എഡിറ്റര്‍ ദിലീപ് രാജ്, സി.കെ വിശ്വനാഥന്‍ , ദല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമായ ശ്രീജിത തബസ്, ജെന്നി റൊവേന, ഹനി ബാബു, ക്രിസ്റ്റി, ബിന്ദു മേനോന്‍ , പത്രപ്രവര്‍ത്തകരും എഴുത്തുകാരുമായ സിനിമാ പ്രവര്‍ത്തകരുമായ കെ.കെ. കൊച്ച്, ജി.പി രാമചന്ദ്രന്‍ , രാജീവ് രാമചന്ദ്രന്‍ , എം.ബി. മനോജ്, എം. റഷീദ്, റംലത്ത് കാവില്‍ (മുംബൈ), സുഖ്‌വീന്ദര്‍ കൗര്‍ , അശോക് നമ്പ്യാര്‍ , എസ്. ആനന്ദ്, കെ.എം. വേണുഗോപാല്‍ , ബിജു മോഹന്‍ , എസ്. സഞ്ജീവ് , മനുഷ്യാവകാശ, ദലിത് പ്രവര്‍ത്തകരായ കാമയാനി ബാലി മഹാബല്‍, അനില്‍ തറയത് വര്‍ഗീസ്, ബോബി കുഞ്ഞു, സീമാ ദുഹാന്‍ , കെ.കെ.ബാബുരാജ്, രേഖ രാജ്, സണ്ണി.എം കപിക്കാട്, മഹ്താബ് ആലം, കെ.സുനില്‍ കുമാര്‍ , ഗ്രോ വാസു, ശിബി പീറ്റര്‍ , ഗവേഷകരായ കെ.പി ഗിരിജ, ആര്യ കൃഷ്ണ രാമകൃഷ്ണന്‍ , സ്മിത നായര്‍ , കേശവ് എന്നീ 45 പേരാണ് പ്രസ്താവനയിറക്കിയത്.