2023-ൽ പുറത്തിറങ്ങിയ ‘നെയ്മർ’ എന്ന ചിത്രത്തിലൂടെ മലയാള സംവിധാന രംഗത്തേയ്ക്കെത്തിയ വ്യക്തിയാണ് സുധി മാഡിസൺ. മാത്യു തോമസ്, നസ്‌ലെൻ, വിജയരാഘവൻ, ജോണി ആൻ്റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സംവിധാന രംഗത്തേയ്ക്ക് എത്തുന്നതിമു മുൻപ് ‘കാമുകി’ എന്ന സിനിമയിൽ എഡിറ്ററായും ‘ഒപ്പേറഷൻ ജാവയിൽ’ കോ ഡയറക്ടറായിട്ടും സുധി പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ധൂമകേതു’വാണ് സുധി മാഡിസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ ടൈംലൂപ് ചിത്രമായാണ് എത്തിയത്.
ഇപ്പോഴിതാ നസ്‌ലെന്റെ അഭിനയ മികവിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സുധി മാഡിസൺ. ഒരു സീൻ ഒരിക്കൽ പറഞ്ഞുകൊടുത്താൽ തന്നെ അത് പെട്ടെന്ന് മനസിലാക്കി കൃത്യമായി അവതരിപ്പിക്കാൻ നസ്‌ലെന് കഴിയുമെന്നും എക്സ്പ്രഷനുകളും റിയാക്ഷനുകളുമെല്ലാം മികച്ചതാണെന്നും സുധി പറഞ്ഞു.
‘നസ്‌ലെൻ അടിപൊളിയാണ്. അവനൊരു സീൻ ഒരു പ്രാവശ്യം പറഞ്ഞുകൊടുത്താൽ മതി. പിന്നെ അത് ചെയ്യുമ്പോൾ കറക്ട് ചെയ്യാൻ ഒന്നും ഉണ്ടാവില്ല. അവൻ പെട്ടെന്ന് വന്ന് അത് ഗ്രാസ്പ് ചെയ്യും. പിന്നെ അവന്റെ എക്സ്പ്രഷൻസ്, റിയാക്ഷൻസ് ഒക്കെ എല്ലാം ഓകെയാണ്,’ സുധി പറഞ്ഞു.
നസ്‌ലെന്റെ സ്വാഭാവികമായ അഭിനയ രീതിയാണ് അദ്ദേഹത്തെ പ്രേക്ഷകർ ഏറ്റെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നും സുധി പറയുന്നു. ചില കാര്യങ്ങൾ നസ്‌ലെൻ സ്വന്തം രീതിയിൽ കൂടി ചേർക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി കേട്ടിരിക്കാൻ തന്നെ രസമാണെന്നും സംവിധായകൻ പറഞ്ഞു.
‘അവൻ അടിപൊളിയായതുകൊണ്ടാണല്ലോ ഇപ്പോഴും സ്റ്റാറായിക്കൊണ്ട് നിൽക്കുന്നത്. പുള്ളിയുടെ ചില കാര്യങ്ങൾ ആൾ കയ്യിൽ നിന്ന് ഇടുന്നുണ്ട്. അവന്റെ ഡയലോഗ് കേട്ടിരിക്കാൻ ഭയങ്കര രസമാണ്,’ സുധി പറഞ്ഞു.
നസ്‌ലെനെപ്പോലെ തന്നെ മാത്യു തോമസും മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന താരമാണെന്നും ഇരുവരുടെയും കോമ്പോ തനിക്ക് ഏറെ ഇഷ്ടമാണെന്നും സുധി മാഡിസൺ വ്യക്തമാക്കി. പ്രത്യേകിച്ച് ഇരുവരും തമ്മിലുള്ള സ്വാഭാവികമായ ‘ഗിവ് ആൻഡ് ടേക്ക്’ അഭിനയത്തിന് വലിയ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
മാത്യു തോമസ്. Photo. Facebook.com
‘മാത്യുവും അങ്ങനെ തന്നെയാണ്. അവരുടെ രണ്ടു പേരുടെയും കോമ്പോ ഭയങ്കര രസമാണ്, ആ ഗിവ് ആൻഡ് ടേക്ക് പരിപാടി. അവരുടെ കെമിസ്ട്രി നമുക്ക് ഭയങ്കര ഹെൽപ്പ് ആയിരുന്നു ‘നെയ്മർ’ പടത്തിൽ,’ സുധി പറഞ്ഞു.
Content Highlight: Sudhi madison talks about naslen and mathew