| Tuesday, 5th December 2023, 10:31 am

കുഞ്ചാക്കോ ബോബന്റെ മുഖസാദൃശ്യമുള്ള തങ്കന്‍; രസകരമായ മറുപടിയുമായി സുധി കോഴിക്കോട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതല്‍ എന്ന ചിത്രത്തിലെ തങ്കന്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടംനേടാനായ നടനാണ് സുധി കോഴിക്കോട്. സിനിമയിലെത്തി 15 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തങ്കനെപ്പോലൊരു കഥാപാത്രം സുധിയെ തേടിയെത്തുന്നത് ഇതാദ്യമാണ്.

ചിത്രത്തില്‍ ഓരോ സീനിലും അതിഗംഭീരമായ പ്രകടനം നടത്താന്‍ സുധിക്കായിട്ടുണ്ട്. സുധിയുടെ ഓരോ നോട്ടങ്ങളും ഭാവങ്ങളും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. പുറത്തുപറയാനാവാത്ത തരത്തില്‍ മാനസികസംഘര്‍ഷം പേറി ജീവിക്കുന്ന തങ്കനായി സുധി കാതലില്‍ ജീവിച്ചു.

എന്നാല്‍ കാതല്‍ റിലീസായതിന് പിന്നാലെ ചില രംഗങ്ങളില്‍ തങ്കന്റെ മുഖത്തിന് കുഞ്ചാക്കോ ബോബന്റെ മുഖവുമായുള്ള സാദൃശ്യം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രതീഷ് ബാലകൃഷ്ണപൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ കൊഴുമ്മല്‍ രാജീവന്‍ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രവുമായി തങ്കന് എവിടെയൊക്കെയോ മുഖസാദൃശ്യം തോന്നുവെന്നായിരുന്നു ചില കമന്റുകള്‍.

കാതലിന്റെ റിലീസിന് പിന്നാലെ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അത്തരമൊരു സാദൃശ്യത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് രസകരമായാണ് സുധി പ്രതികരിച്ചത്. തന്നോട് നേരിട്ട് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഒരു സിനിമാ ഗ്രൂപ്പില്‍ അത്തരത്തിലൊരു ചര്‍ച്ച നടന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു സുധിയുടെ മറുപടി.

‘എന്നോട് ഇതുവരെ നേരിട്ടാരും പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു സിനിമാഗ്രൂപ്പില്‍ ഞാന്‍ ഒരു കുറിപ്പ് എഴുതി പോസ്റ്റു ചെയ്തിരുന്നു. തങ്കനെ എല്ലാവരും സ്വീകരിച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ്. ആ പോസ്റ്റിന് വന്ന ഒരു കമന്റ് ‘ എനിക്ക് മാത്രമാണോ കുഞ്ചാക്കോ ബോബനെ തോന്നിയത് എന്നായിരുന്നു’

ചാക്കോച്ചനൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഫിഗറിങ്ങില്‍ ചില സാമ്യതകള്‍ ചിലര്‍ക്ക് തോന്നിയിട്ടുണ്ടാകും. തലയുടെ ഷേപ്പൊക്കെ. പിന്നെ പണ്ടത്തെ ചാക്കോച്ചന്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ, കുറേ ആരാധികമാരൊക്കെയുണ്ടാകുമല്ലോ (ചിരി),’ എന്നായിരുന്നു സുധിയുടെ മറുപടി.

ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സൂര്യയെ പരിചയപ്പെട്ട നിമിഷത്തെ കുറിച്ചും ജ്യോതികയെ കുറിച്ചുമൊക്കെ താരം സംസാരിച്ചിരുന്നു. ‘സൂര്യ സാര്‍ കാതലിന്റെ ഷൂട്ടിനിടെ വന്നിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്തു. അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ ആദ്യമായി കാണുമ്പോള്‍ സൂര്യ സാര്‍ മമ്മൂക്കയുമായി സംസാരിക്കുകയാണ്. പിന്നെ പോള്‍സണും ആദര്‍ശും സംസാരിക്കുന്നുണ്ട്. ജിയോ ഷൂട്ടിന്റെ തിരക്കിലാണ്. ഞാന്‍ പതുക്കെ പോള്‍സന്റെ അടുത്ത് പോയിട്ട് എന്നെ ഒന്നു പരിചയപ്പെടുത്താന്‍ പറ്റുമോയെന്ന് ചോദിച്ചു.

പിന്നെന്താ എന്ന് ചോദിച്ച് എന്നെ അദ്ദേഹത്തിനടുത്ത് കൊണ്ടുപോയി, തങ്കന്റെ കഥാപാത്രം ചെയ്യുന്ന ആളാണെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹം സന്തോഷത്തോടെ ഷേക്ക് ഹാന്‍ഡ് തന്നു. പിന്നെ ഫോട്ടോ എടുക്കുമ്പോള്‍ എന്നെ ചേര്‍ത്തുപിടിച്ചു. വല്ലാത്തൊരു മൊമെന്റ് ആയിരുന്നു.

ജ്യോതിക മാമുമായി സിനിമയില്‍ ഒരു സീക്വന്‍സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തിരുന്നു. പിന്നെ വോട്ട് ചെയ്തു വരുമ്പോഴുള്ള ഓമനയുടെ ആ ചിരിയില്ലേ എല്ലാവരോടും ആ ചിരിയാണ്. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് അവര്‍,’ സുധി പറഞ്ഞു.

സുധി കോഴിക്കോടുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Interview | മമ്മൂക്ക, ജിയോ, നന്ദി, തങ്കനെ വിശ്വസിച്ചേല്‍പ്പിച്ചതിന്

Content Highlight: Sudhi Kozhikkode about his Face resemblance with Kunchacko boban

Latest Stories

We use cookies to give you the best possible experience. Learn more