| Saturday, 11th April 2026, 4:00 pm

തിയേറ്ററിൽ ആട് കണ്ട് ആരും ചിരിച്ചില്ല, ആ പരാജയത്തിന് ശേഷം മിഥുൻ സിനിമകൾ ഒന്നും ഫസ്റ്റ് ഡേ കാണാറില്ല: സുധി കോപ്പ

നന്ദന എം.സി

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടനാണ് സുധി കോപ്പ. വളരെ കുറച്ച് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ സോമൻ, ആമേൻ എന്ന ചിത്രത്തിലെ കഥാപാത്രം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ അയ്യപ്പൻ തുടങ്ങിയവയിലൂടെ സുധി കോപ്പ തന്റെ അഭിനയ മികവ് തെളിയിച്ചു.

ആട്, Photo: IMDb

ഇപ്പോഴിതാ, ആട് ചിത്രത്തിന്റെ ആദ്യ ഭാഗം പ്രതീക്ഷിച്ച വിജയം നേടാതിരുന്നത് സംവിധായകൻ മിഥുൻ മാനുവലിനെ ഏറെ ബാധിച്ചിരുന്നുവെന്ന് സുധി കോപ്പ പറയുന്നു. അതിന്റെ അനുഭവം ഇന്നും തുടരുന്നുവെന്നും, ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി സിനിമ കാണാൻ തനിക്കിപ്പോഴും സാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആടിന്റെ ഒന്നാം ഭാഗം ഇറങ്ങുന്ന ദിവസം ഇത് ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു, കാരണം ഇത് കണ്ടിട്ട് ആളുകൾ ചിരിക്കുന്നു. പ്രിവ്യൂ കണ്ടിട്ട് ആളുകൾ ചിരിക്കുന്നു, ഡബ്ബിങിന്റെ സമയത്തും ആളുകൾ ചിരിക്കുകയായിരുന്നു.

അങ്ങനെ റിലീസിന്റെ ഫസ്റ്റ് ഡേ തന്നെ ഞങ്ങൾ തിയേറ്ററിൽ എല്ലാവരും കൂടെ സിനിമ കാണാൻ പോയി. പക്ഷെ അവിടെ ആരും ചിരിച്ചില്ല. ആരും മിണ്ടുന്നതുപോലുമില്ല.

മിഥുൻ ഒക്കെ അതിന് ശേഷം ഒരു സിനിമയുടെയും ഫസ്റ്റ് ഷോ കണ്ടിട്ടില്ല. ആട് 3 കാണാനും മിഥുൻ ഉണ്ടായിരുന്നില്ല, ഞാനും പോയിരുന്നില്ല. നമ്മുടെ പടങ്ങളൊക്കെ ഫസ്റ്റ് ഡേ കാണാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു അന്നൊക്കെ.

ആട്, Photo: IMDb

നമ്മുക്ക് ആ ബുദ്ധിമുട്ട് ഉണ്ടായിരുന്നപ്പോൾ മിഥുനിന്റെയും പ്രൊഡ്യൂസറുടെയും ഒരു അവസ്ഥ ആലോചിച്ച് നോക്ക്. അതിന് ശേഷം ഒരുപാട് പടങ്ങളിൽ ഞാൻ അഭിനയിച്ചിട്ടും, ഒരു നടനെന്ന നിലയിൽ ഞാൻ ഇപ്പോഴും കഞ്ചാവ് സോമൻ എന്നാണ് അറിയപ്പെടുന്നത്,’ സുധി കോപ്പ പറഞ്ഞു.

ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ‘ആട് 3’ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയുമാണ് നിർമിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ‘ആട് 3’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും നിർമിച്ചതിൽ ഏറ്റവും വലിയ പ്രോജക്റ്റ് കൂടിയാണ് ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’.

Content Highlight: Sudhi kopa talk about the movie Aadu

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more