| Monday, 7th July 2025, 8:28 am

എനിക്ക് വേണ്ടി ആ സിനിമയില്‍ ഡബ്ബ് ചെയ്തത് മമ്മൂക്ക: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് സുധീഷ്. മമ്മൂട്ടി നായകനായി 1987ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് സിനിമാലോകത്തേക്ക് കടന്നുവന്നത്. നാല് പതിറ്റാണ്ടിനടുത്ത് മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സുധീഷ് ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. സുധീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴിലെ ചന്തു.

അഭിനയത്തിന് പുറമെ അദ്ദേഹം ഡബ്ബിങ്ങിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന ചിത്രത്തില്‍ താന്‍ ജയസൂര്യക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് സുധീഷ് പറയുന്നു. ആ സിനിമയില്‍ താന്‍ തനിക്കും ജയസൂര്യക്കും വേണ്ടി ശബ്ദം കൊടുത്തിട്ടുണ്ടെന്നും സംസാരിക്കാന്‍ കഴിയുന്നതായി കാവ്യയുടെ മുന്നില്‍ അഭിനയിക്കുന്ന സീക്വന്‍സില്‍ താനാണ് ജയസൂര്യക്ക് ഡബ്ബ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

വല്യേട്ടന്‍ എന്ന സിനിമയില്‍ തനിക്ക് മമ്മൂട്ടി ശബ്ദം നല്‍കിയിട്ടുണ്ടെന്നും ഒരു സീനില്‍ ഡയലോഗ് പറയുന്നത് മമ്മൂട്ടിയാണെന്നും സുധീഷ് പറഞ്ഞു. മമ്മൂട്ടിയുടെ ശബ്ദം തനിക്കൊരിക്കലും എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു സുധീഷ്.

‘ഒരു പടത്തില്‍ തന്നെ ഞാന്‍ എനിക്കും ജയസൂര്യക്കും വോയ്‌സ് കൊടുത്തു. ഊമപെണ്ണിന് ഉരിയാടപയ്യന്‍ എന്ന സിനിമക്ക് വേണ്ടിയായിരുന്നു അത്. ജയസൂര്യക്ക് സംസാരിക്കാന്‍ പറ്റില്ലല്ലോ. സിനിമയില്‍ കാവ്യയോട് സംസാരിക്കാന്‍ അറിയുന്ന ഒരാളെ പോലെ സംസാരിക്കുന്നുണ്ട്. അപ്പോള്‍ മേശയുടെ അടിയില്‍ നിന്ന് ഞാനാണ് സംസാരിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ജയസൂര്യക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.

വേറൊരു കാര്യം ഇപ്പോള്‍ പറയാം. എനിക്ക് വേണ്ടി ഒരാള്‍ ശബ്ദം കൊടുത്തിട്ടുണ്ട്. നമ്മുടെ സ്വന്തം മമ്മൂക്ക. വല്യേട്ടനില്‍ ഡയലോഗ് പറയുന്ന ഒരു സീക്വന്‍സില്‍, ആ ഡയലോഗ് മമ്മൂക്ക തന്നെ പറഞ്ഞതാണ്. കാരണം മമ്മൂക്കയുടെ ശബ്ദം ഒരിക്കലും നമ്മള്‍ക്ക് എടുക്കാന്‍ പറ്റില്ല ആക്ഷന്‍ വേണമെങ്കില്‍ എടുക്കാം. പക്ഷേ ശബ്ദം ഒരിക്കലും പറ്റില്ല,’ സുധീഷ് പറയുന്നു.

Content Highlight: Sudheesh says that he dubbed for Jayasurya in the film Jayasurya

We use cookies to give you the best possible experience. Learn more