മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സുധീഷ്. 1987-ൽ റിലീസായ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.
മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുധീഷ് നായകൻ്റെ കൂട്ടുകാരൻ്റെ റോളിലായിരുന്നു കൂടുതൽ ചിത്രങ്ങളിലും വേഷമിട്ടത്.
കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലും നായകൻെറ അടുത്ത സുഹൃത്തായിട്ടാണ് സുധീഷ് എത്തിയത്. ഇപ്പോൾ ഏറ്റവും പുതിയ ഷാഹി കബീർ ചിത്രം ഉന്മാദത്തിൽ കുഞ്ചാക്കോ ബോബനൊപ്പം പ്രധാനവേഷത്തിൽ സുധീഷ് എത്തുകയാണ്.
സുധീഷ്.Photo:OnManorama
വീണ്ടും ചാക്കോച്ചനുമായി ഒന്നിക്കുമ്പോൾ അനിയത്തിപ്രാവിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സുധീഷ്. അനിയത്തിപ്രാവിലേക്ക് തന്നെ കാസറ്റ് ചെയ്തതിനെക്കുറിച്ചും സുധീഷ് പറഞ്ഞു. ഉന്മാദത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദി ക്യൂ വിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
അനിയത്തിപ്രാവ് സിനിമയിൽ കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെയാണ് കാസ്റ്റ് ചെയ്തത് എന്ന് സുധീഷ് പറയുന്നു. ഷൂട്ടിങ് തുടങ്ങിയ ശേഷം തന്നെ വീണ്ടും വിളിപ്പിച്ചെന്നും അപ്പോൾ തന്നെ മാറ്റുമോ എന്ന് ഓർത്തു ഭയന്നിരുന്നു എന്നും സുധീഷ് പറഞ്ഞു.
‘അനിയത്തിപ്രാവ് സിനിമയിൽ കുഞ്ചാക്കോ ബോബനെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്നെയാണ് അവർ കാസ്റ്റ് ചെയ്തിരുന്നത്. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപായിരുന്നു അത്.
സുധീഷ്.കുഞ്ചാക്കോ ബോബൻPhoto:X.com
എന്നാൽ ഷൂട്ടിങ് തുടങ്ങിയതിനു ശേഷം എന്നെ വീണ്ടും പെട്ടെന്ന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. ‘ബാഗ് ഒക്കെ എടുത്തു വരണോ?’ എന്ന് ചോദിച്ചപ്പോൾ, ‘അതൊന്നും വേണ്ട, ജസ്റ്റ് ഒന്ന് വന്നാൽ മാത്രം മതി’ എന്നാണ് പറഞ്ഞത്. എന്താണ് സംഭവമെന്ന് എനിക്ക് മനസിലായില്ല.
ഞാൻ അവിടെയെത്തിയപ്പോൾ എന്നെ റോളിലേക്ക് ഫിക്സ് ചെയ്തു എന്ന് പറഞ്ഞു. ഫാസിൽ സാറിന്റെ വീട്ടിലായിരുന്നു ഷൂട്ട് നടന്നിരുന്നത്. അവിടെ വെച്ചാണ് ‘നമ്മുടെ ഹീറോ കുഞ്ചാക്കോ ബോബനാണ്’ എന്ന് പറഞ്ഞ് ചാക്കോച്ചനെ പരിചയപ്പെടുത്തുന്നത്. തുടർന്ന് ഞങ്ങൾ രണ്ടുപേരെയും ചേർത്തുനിർത്തി നോക്കിയിട്ട് ‘ആ ഓക്കെ ഓക്കെ’ എന്ന് പറഞ്ഞു.
നായകൻ ചാക്കോച്ചൻ ആയതുകൊണ്ട് അദ്ദേഹത്തെ മാറ്റില്ല, അത് ഫിക്സഡ് ആണ്. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല, വേണമെങ്കിൽ എന്നെ മാറ്റാൻ സാധ്യതയുണ്ട് എന്ന് അന്ന് ഞാൻ കരുതിയിരുന്നു,’ സുധീഷ് പറഞ്ഞു.
Content Highlight: Sudheesh says he was cast in the movie Aniyathipravu even before Kunchacko Boban