| Tuesday, 8th July 2025, 8:43 am

നന്ദനത്തിന് മുമ്പ് ആ സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്, ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു അത്: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് സുധീഷ്. അനന്തരം എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമാലോകത്തേക്കെത്തിയ സുധീഷ് വളരെ വേഗത്തില്‍ മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായി. തീവണ്ടി എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളുകളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എന്നിവര്‍ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

സിനിമാജീവിതത്തില്‍ മറ്റ് നടന്മാര്‍ക്ക് ഡബ്ബ് ചെയ്തിട്ടുള്ള അനുഭവം പങ്കുവെക്കുകയാണ് സുധീഷ്. നന്ദനം എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി മറ്റൊരാള്‍ക്ക് ഡബ്ബ് ചെയ്തതെന്നാണ് പലരും ധരിച്ച് വെച്ചിട്ടുള്ളതെന്ന് സുധീഷ് പറഞ്ഞു. നന്ദനം എന്ന സിനിമ തന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നെന്നും വേറൊരു മോഡുലേഷനായിരുന്നു ശബ്ദം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓ ഫാബി എന്ന സിനിമയിലും ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു അതെന്നും അന്ന് വലിയ ബജറ്റിലെത്തിയ സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയില്‍ ചെറിയൊരു രംഗത്തില്‍ ജയസൂര്യക്ക് ശബ്ദം കൊടുത്തിട്ടുണ്ടെന്നും സുധീഷ് പറഞ്ഞു. എന്നാല്‍ ഒരു സിനിമയില്‍ മമ്മൂട്ടി തനിക്ക് ഡബ്ബ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വല്യേട്ടന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയെ അനുകരിക്കുന്ന സീനില്‍ അദ്ദേഹമാണ് തനിക്ക് ശബ്ദം നല്‍കിയതെന്ന് സുധീഷ് പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു സുധീഷ്.

‘ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പലര്‍ക്കും എന്നെ അറിയാവുന്ന സിനിമ നന്ദനമാണ്. അതിലെ ഉണ്ണികൃഷ്ണന് ശബ്ദം കൊടുത്തത് മാത്രമേ പലര്‍ക്കും അറിയുള്ളൂ. സത്യം പറഞ്ഞാല്‍ ഞാന്‍ അത് വേറൊരു മോഡുലേഷനില്‍ സൗണ്ട് കൊടുത്തതാണ്. ഞാന്‍ ആ സമയത്ത് വേറൊരു മൂഡിലായിരുന്നു. അത് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. നന്ദനത്തിന് മുമ്പ് ഓ ഫാബി എന്ന പടത്തിലേക്ക് എന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചിട്ടുണ്ടായിരുന്നു.

പിന്നെ ജയസൂര്യക്ക് ഞാന്‍ ചെറുതായിട്ട് ഡബ്ബ് ചെയ്തിട്ടുണ്ട്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന പടത്തില്‍ ജയസൂര്യയുടെ ക്യാരക്ടര്‍ കാവ്യയുടെ മുന്നില്‍ സംസാരിക്കാനറിയാവുന്ന ആളായിട്ട് ആക്ട് ചെയ്യുമ്പോള്‍ ശബ്ദം കൊടുത്തത് ഞാനാണ്. പക്ഷേ, ആര്‍ക്കും അറിയാത്ത വേറൊരു കാര്യമുണ്ട്. എനിക്ക് വേണ്ടി മമ്മൂക്ക ഡബ്ബ് ചെയ്തിട്ടുണ്ട്.

വല്യേട്ടന്‍ എന്ന പടത്തില്‍ ഞാന്‍ മമ്മൂക്കയെ ഇമിറ്റേറ്റ് ചെയ്യുന്ന ഒരു സീനുണ്ട്. അഗസ്റ്റിന്‍ ചേട്ടന്റെ ക്യാരക്ടറിനോട് ചൂടാകുന്ന സീന്‍. അതില്‍ എനിക്ക് ശബ്ദം തന്നത് മമ്മൂക്കയാണ്. നമുക്ക് പുള്ളിയുടെ ആക്ഷന്‍ ഇമിറ്റേറ്റ് ചെയ്യാം. പക്ഷേ, സൗണ്ട് അതേ പെര്‍ഫക്ഷനില്‍ കിട്ടില്ല. ആ സീനില്‍ മമ്മൂക്കയാണ് ഡബ്ബ് ചെയ്തതെന്നാണ് എന്റെ വിശ്വാസം,’ സുധീഷ് പറയുന്നു.

Content Highlight: Sudheesh saying he dubbed in O Faaby movie before Nandanam movie

We use cookies to give you the best possible experience. Learn more