| Friday, 16th October 2026, 5:07 pm

ആ സിനിമക്ക് ശേഷമാണ് വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് എന്നെ വിളിച്ച് തുടങ്ങിയത്: സുധീഷ്

അനുപമ കെ. സീത

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായ നടനാണ് സുധീഷ്. സിനിമയുടെ തുടക്കാലത്ത് സഹനടനായും ഹാസ്യകഥാപാത്രങ്ങളുമാണ് ചെയ്തതെങ്കിൽ ഇപ്പോഴത് മികച്ച സ്വഭാവനടനിലേക്ക് മാറിയിരിക്കുകയാണ്. ആശംസകളോടെ എന്ന സിനിമയിലൂടെ ബാലതാരമായ് അരങ്ങേറുകയും അടൂർ ഗോപാലകൃഷ്ണന്റെ അനന്തരത്തിലൂടെ ശ്രദ്ധേയനാവുകയുമായിരുന്നു നടൻ. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ചന്തുവെന്ന കഥാപാത്രമാണ് നടന്റെ കരിയറിൽ വഴിത്തിരിവായത്.

ഫെല്ലിനി ടി.പി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിന് ശേഷമാണ് വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് തന്നെ വിളിച്ച് തുടങ്ങിയതെന്നാണ് സുധീഷ് പറയുന്നത്. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തീവണ്ടിയെന്ന സിനിമ വരുന്നതിനു മുമ്പ് എനിക്കൊരു ചെറിയ ഇടവേളയുണ്ടായിരുന്നു. ആ സമയത്ത് സിനിമയും അതിന്റെ ബിഹേവിയറും ഒരുപാട് മാറി. പിന്നീട് തിരിച്ച് വരുമ്പോൾ പുതിയൊരു കാലഘട്ടത്തിലേക്ക് വന്നത് പോലെയൊരു ഫീലായിരുന്നു. അതിൽ പിന്നെയാണ് വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് വിളി വന്നത്. അങ്ങനെ വിളിച്ചതിൽ നിന്നും നല്ല കഥാപാത്രങ്ങൾ ചൂസ് ചെയ്യുകയായിരുന്നു.’ സുധീഷ് പറഞ്ഞു.

അനന്തരത്തിലെ രംഗം.photo.Screen Grab/IMDb

ചിദംബരം സംവിധാനം ചെയ്ത ബാലൻ ദി ബോയ്എന്ന സിനിമ ഇറങ്ങിയ സമയത്ത് താൻ ചെറുപ്പത്തിൽ അഭിനയിച്ച അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന സിനിമയിലെ ബാലൻ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ അതിൽ തനിക്ക് സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.

തുടക്കകാലത്ത് ടൈപ്പ്‌കാസ്റ്റ് ചെയ്യപ്പെട്ട നടന്മാരിൽ ഒരാളാണ് സുധീഷ്. നായകന്റെ കൂട്ടുകാരനായും കോമഡി വേഷങ്ങൾ മാത്രം ചെയ്തും പോന്ന സുധീഷിന് തീവണ്ടിക്ക് ശേഷം വ്യത്യസ്തത നിറഞ്ഞ വേറിട്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. വൈറസ്, പടവെട്ട് , ധീരൻ , മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്, വാഴ 2 തുടങ്ങിയ സിനിമകളിലെ പ്രകടനം വേറിട്ടതും മികച്ചതുമായിരുന്നു.

2020ൽ എന്നിവർ എന്ന സിനിമയിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡും, ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമക്ക് 2021ൽ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സുധീഷിന് കിട്ടിയിരുന്നു.

Content Highlight: Sudheesh said that it was after that movie that people started calling him for different roles

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more