| Saturday, 18th April 2026, 10:04 pm

'സമയമായി, നീ പോകാന്‍ നോക്ക്', അലനെ കെട്ടിപ്പിടിക്കാത്ത വാപ്പയും ആണ്‍കുട്ടികളോട് സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത അച്ഛന്മാരും

അമര്‍നാഥ് എം.

താരബാഹുല്യമില്ലെങ്കിലും നല്ല കണ്ടന്റാണെങ്കില്‍ 200 കോടി തിളക്കത്തിലേക്ക് കാലെടുത്തുവെക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് വാഴ 2. സിനിമാ പാരമ്പര്യമില്ലാത്ത, ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്ത് നടക്കുന്ന ഒരുകൂട്ടം യുവാക്കള്‍ ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് വാഴ 2.

ആദ്യഭാഗത്തിന്റെ അതേ ടെംപ്ലേറ്റിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടൊരുങ്ങിയ ചിത്രം എല്ലാതരം പ്രേക്ഷകര്‍ക്കും കണക്ടായിട്ടുണ്ട്. കമിങ് ഓഫ് ഏജ് ഡ്രാമ ഴോണറില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രമെന്നാണ് പലരും വാഴ 2നെ വിശേഷിപ്പിക്കുന്നത്.

യുവാക്കള്‍ക്ക് റിലേറ്റാകുന്ന ഒരുപാട് രംഗങ്ങളാല്‍ സമ്പന്നമാണ് വാഴ 2. അത്തരത്തിലൊന്നാണ് രണ്ടാം പകുതിയിലെ എയര്‍പോര്‍ട്ട് സീന്‍. നല്ല ജീവിതത്തിന് വേണ്ടി യു.കെയിലേക്ക് പോകുന്ന അലനെയും വിനായകിനെയും യാത്രയാക്കാന്‍ ഹാഷിറിനൊപ്പം അവരുടെ രക്ഷിതാക്കളും എത്തിയിട്ടുണ്ടായിരുന്നു. ബോര്‍ഡിങ്ങിലേക്ക് പോകുന്നതിന് മുമ്പ് വിനായകും അലനും ഹാഷിറിനെ കെട്ടിപ്പിടിക്കുന്നുണ്ട്.

വാഴ 2ല്‍ അലന്‍ Photo: Screen grab/ Think Music India

ഇത് കണ്ട് ബിജുക്കുട്ടന്റെ കഥാപാത്രം ‘എന്നെയും കെട്ടിപ്പിടിക്കെടാ’ എന്ന് പറയുന്നുണ്ട്. വിനായക് തന്റെ അച്ഛനെ കെട്ടിപ്പിടിക്കുന്നത് കണ്ട് അലന്‍ തന്റെ വാപ്പയെ കെട്ടിപ്പിടിക്കാനായി പോകുന്നുണ്ട്. എന്നാല്‍ മകനെ തടഞ്ഞുകൊണ്ട് ‘സമയമായി, നീ, പോകാന്‍ നോക്ക്’ എന്നാണ് സുധീഷിന്റെ കഥാപാത്രം പറയുന്നത്. പല യുവാക്കളും നേരിടേണ്ടി വന്ന അവസ്ഥയാണ് ഈയൊരു സീനിലൂടെ സംവിധായകന്‍ വരച്ചുകാട്ടിയത്.

മക്കളോട് അകമഴിഞ്ഞ സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ ഉള്ളില്‍ തന്നെ വെച്ചുകൊണ്ട് തന്നെ കഴിയുന്ന നിരവധി അച്ഛന്മാര്‍ സമൂഹത്തിലുണ്ട്. മക്കളോട് അമിതമായി സ്‌നേഹം കാണിച്ചാല്‍ അവര്‍ വഴിതെറ്റി പോകുമോ എന്ന പേടിയും സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത അവസ്ഥയുമാണ് ഇതിന് കാരണമെന്ന് കരുതുന്നു.

വാഴ 2ല്‍ സുധീഷ്‌ Photo: Screen grab/ Think Music India

ചുറ്റുമുള്ളവര്‍ മുഴുവന്‍ കുറ്റപ്പെടുത്തുമ്പോഴും, ആരും കൂടെയുണ്ടാകില്ലെന്ന് കരുതുമ്പോഴും സ്വന്തം അച്ഛനില്‍ നിന്ന് ഒരു ആലിംഗനം ആഗ്രഹിക്കാത്ത ആണ്‍കുട്ടികളുണ്ടാകില്ല. വാപ്പ തന്നെ മാറ്റിനിര്‍ത്തുമ്പോള്‍ മുഖം മാറുന്ന അലന്‍ പലരുടെയും പ്രതിനിധിയാണ്. മക്കളോട് സ്‌നേഹം കാണിക്കാതെ അവരോട് എപ്പോഴും ദേഷ്യപ്പെടുന്നത് അവര്‍ നന്നായി കാണാന്‍ വേണ്ടിയാണെന്ന ന്യായമിറക്കുന്ന ചില ടോക്‌സിക് രക്ഷിതാക്കളും സമൂഹത്തിലുണ്ട്. യുവാക്കളുടെ മാത്രമല്ല, പല തരത്തിലുള്ള രക്ഷിതാക്കളെയും വാഴ 2ല്‍ കാണാന്‍ സാധിക്കും.

Content Highlight: Sudheesh and Alan’s bond in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more