ആലപ്പുഴ: 2005 വരെയുള്ള നിലം നികത്തലിന് സാധുത നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. തീരുമാനത്തിന് ആധാരമായി സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങളോട് യോജിക്കാനാവില്ലെന്നും മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും സുധീരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
[]
2005 ജനുവരി ഒന്ന് വരെയുള്ള വയല്‍നികത്തല്‍ നിയമവിധേയമായി അംഗീകരിക്കാനുള്ള യു.ഡി.എഫ് തീരുമാനം അംഗീകരിക്കാനാവില്ല. മന്ത്രിസഭാ തീരുമാനം ഭൂമാഫിയയെ സഹായിക്കുന്നതാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്ന സര്‍ക്കാര്‍ വാദം ദേശീയശ്രദ്ധ നേടിയ ജനസമ്പര്‍ക്ക പരിപാടിയുടെ മഹത്വം ഇല്ലാതാക്കുകയാണെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ബജറ്റില്‍ ഇക്കാര്യം പറഞ്ഞിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് റവന്യൂമന്ത്രി അടൂര്‍പ്രകാശ് സര്‍ക്കാറിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ഇടത് സര്‍ക്കാര്‍ ചെയ്ത തെറ്റിനെ തിരുത്തുന്നതിന് പകരം ആ സൗകര്യം മുതലെടുക്കുകയാണോ ചെയ്യേണ്ടതെന്നും സുധീരന്‍ ചോദിക്കുന്നു.
ഒരു വര്‍ഷത്തിനിടെ ഏറെ നല്ല കാര്യങ്ങള്‍ ചെയ്ത യു.ഡി.എഫ് സര്‍ക്കാരിന് അപമാനമാണ് നെല്‍വയല്‍ നികത്തല്‍ നിയമവിധേയമാക്കാനുള്ള തീരുമാനം. നിയമത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തില്‍ നിരവധി നെല്‍വയല്‍ നികത്തലുകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും നടന്നിട്ടുണ്ട്. 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും സുധീരന്‍ കത്തില്‍ പറയുന്നു.