| Friday, 15th August 2025, 5:46 pm

നാണമുണ്ടോയെന്ന് ചോദിക്കുന്നില്ല, സുരേഷ് ഗോപി സ്‌കൂളില്‍ പോലും ചരിത്രം പഠിച്ചിട്ടില്ല? പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്ററില്‍ സുധ മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ മുകളില്‍ സവര്‍ക്കറിന്റെ ചിത്രം വരുന്ന പോസ്റ്റര്‍ പങ്കുവെച്ച പെട്രോളിയം മന്ത്രാലയത്തിന്റെ നടപടിയില്‍ വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുധ മേനോന്‍. ഗാന്ധി വധത്തില്‍ പ്രതിയായിരുന്ന സവര്‍ക്കാറാണ് ഗാന്ധിജിയെക്കാള്‍ പ്രാധാന്യത്തോടെ പോസ്റ്ററിലെന്നും സ്‌കൂളില്‍ പോലും സുരേഷ് ഗോപി ചരിത്രം പഠിച്ചിട്ടില്ലേയെന്നും സുധ മേനോന്‍ ചോദിക്കുന്നു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്‌റുവും പട്ടേലും ആസാദുമടക്കമുള്ള നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പൊലീസ് ക്രൂരമായി മര്‍ദിക്കുമ്പോള്‍, ഈ പോസ്റ്ററില്‍ കാണുന്ന സവര്‍ക്കര്‍ അധ്യക്ഷനായ ഹിന്ദു മഹാസഭ, ജിന്നയുടെ മുസ് ലിം ലീഗുമായി ചേര്‍ന്ന് സിന്ധിലും വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും അധികാരം പങ്കിടുകയായിരുന്നു എന്നറിയാമോയെന്നും സുധ മേനോന്‍ ചോദിച്ചു.

നിങ്ങളുടെ ആരാധ്യ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, 1940ല്‍ പാകിസ്ഥാന് വേണ്ടിയുള്ള ലീഗിന്റെ ലാഹോര്‍ പ്രമേയം അവതരിപ്പിച്ച ഫസലുള്‍ ഹഖിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി ആയിരുന്നു എന്നറിയാമോയെന്നും അവര്‍ ചോദിച്ചു. സവര്‍ക്കറുടെ അന്നത്തെ കത്തുകള്‍ ഒറ്റിന്റെ മായാത്ത തെളിവായി ഇപ്പോഴും ആര്‍കൈവുകളില്‍ ഉണ്ടെന്ന് മറക്കരുതെന്നും സുധ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു പോസ്റ്ററില്‍ ഇല്ലാത്തതിനെയും സുധ വിമര്‍ശിച്ചു. ഫോട്ടോ ഒഴിവാക്കിയാലും നെഹ്റുവിന്റെ സ്മരണകളെ ഇല്ലാതാക്കാന്‍ കഴിയില്ല. ജവാഹര്‍ലാല്‍ നെഹ്റു ഒരുകാലത്തും ഇന്ത്യയെയും ഇവിടുത്തെ ജനങ്ങളെയും ഒറ്റുകൊടുത്തിട്ടില്ല എന്ന് നെഞ്ചില്‍ കൈ വെച്ചു കൊണ്ട് പതറാതെ പറയാന്‍ കഴിയും. നിങ്ങളുടെ നേതാക്കളെക്കുറിച്ച് അങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്നും സുധ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധ മേനോന്റെ വിമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുരേഷ് ഗോപി സഹമന്ത്രി ആയി ഇരിക്കുന്ന പെട്രോളിയം മന്ത്രാലയത്തിന്റെ പോസ്റ്റര്‍ ആണ്. ബാപ്പുവിന് മുകളില്‍ സവര്‍ക്കര്‍! ഗാന്ധിഹത്യയില്‍’ പ്രതിയായിരുന്ന സവര്‍ക്കര്‍ ആണ് ഗാന്ധിജിയെക്കാള്‍ പ്രാധാന്യത്തോടെ പോസ്റ്ററില്‍! തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടയാള്‍… നെഹ്റു എവിടെയും ഇല്ല!

നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല… ബഹുമാന്യനായ സുരേഷ് ഗോപിയോട്! സ്‌കൂളില്‍ പോലും താങ്കള്‍ ചരിത്രം പഠിച്ചിട്ടില്ലേ? സഹമന്ത്രിയെ ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ? ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പൊലീസ് ക്രൂരമായി മര്‍ദിക്കുമ്പോള്‍, ഈ പോസ്റ്ററില്‍ കാണുന്ന സവര്‍ക്കര്‍ അധ്യക്ഷനായ ഹിന്ദു മഹാസഭ, സാക്ഷാല്‍ ജിന്നയുടെ മുസ്ലിം ലീഗുമായി ചേര്‍ന്ന് സിന്ധിലും, വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും അധികാരം പങ്കിടുകയായിരുന്നു എന്നറിയാമോ? 1943ല്‍ സിന്ധ് പ്രവിശ്യ പാകിസ്ഥാന്‍ പ്രമേയം പാസാക്കിയപ്പോഴും, ഒറ്റുകാരായ മഹാസഭ പിന്തുണ പിന്‍വലിക്കുകയോ രാജിവെക്കുകയോ ചെയ്തില്ല എന്ന് അറിയാമോ?

മാത്രമല്ല, നിങ്ങളുടെ ആരാധ്യ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി,1941ല്‍ ബംഗാളിലെ ഫസലുള്‍ ഹഖ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആയിരുന്നു എന്നറിയാമോ? അതെ,1940ല്‍ പാകിസ്ഥാന് വേണ്ടിയുള്ള ലീഗിന്റെ ലാഹോര്‍ പ്രമേയം അവതരിപ്പിച്ച സാക്ഷാല്‍ ഫസലുള്‍ ഹഖിന്റെ മന്ത്രിസഭയില്‍! സവര്‍ക്കറുടെ അന്നത്തെ കത്തുകള്‍ എല്ലാം ഇപ്പോഴും ആര്‍കൈവുകളില്‍ ഉണ്ടെന്നു മറക്കരുത്. ഒറ്റിന്റെ മായാത്ത തെളിവായി!

ബഹുമാന്യനായ മന്ത്രീ, നിങ്ങള്‍ ഫോട്ടോ ഒഴിവാക്കിയാലും നെഹ്റുവിന്റെ സ്മരണകളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ല. ജവാഹര്‍ലാല്‍ നെഹ്റു ഒരുകാലത്തും ഈ മഹാരാജ്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഒറ്റുകൊടുത്തിട്ടില്ല എന്ന് നെഞ്ചില്‍ കൈ വെച്ചു കൊണ്ട് പതറാതെ എനിക്ക് പറയാന്‍ കഴിയും.. ഓരോ ഇന്ത്യക്കാരനും പറയാന്‍ കഴിയും.നിങ്ങളുടെ നേതാക്കളെക്കുറിച്ച് അങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?

Content Highlight: Sudha Menon Criticize Suresh Gopi

We use cookies to give you the best possible experience. Learn more