| Wednesday, 22nd July 2020, 5:07 pm

'സ്റ്റുഡിയോയില്‍ നിന്നും നേരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന അശ്ലീലം കണ്ടവരാണ് നമ്മള്‍'; സുധ മേനോന്‍ എഴുതുന്നു

സുധ മേനോന്‍

മാധ്യമങ്ങള്‍ എന്നും പ്രതിപക്ഷത്താകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. ഒപ്പം ‘ന്യൂസ്’ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭൂരിപക്ഷം മാധ്യമങ്ങളും ഒന്നുകില്‍ ‘ഭക്തിപ്രസ്ഥാനങ്ങളോ’ അല്ലെങ്കില്‍ അമിതസെന്‍സേഷണലിസത്തിന്റെ വക്താക്കളോ ആണ്. ഇതിനിടയില്‍ നൈതികവും , വസ്തുനിഷ്ഠവും, നിഷ്പക്ഷവുമായ ജേര്‍ണലിസം പതുക്കെ അപ്രത്യക്ഷമാവുകയാണ്. ഡല്‍ഹിയില്‍ അത് സംഭവിച്ചു കഴിഞ്ഞു. മുട്ടിലിഴയുന്ന ദില്ലി മാധ്യമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യം മരണമടയുന്ന കാഴ്ച നിശബ്ദമായി നോക്കിനില്‍ക്കുന്നുണ്ട്.

കേരളത്തില്‍ എങ്കിലും അത് സംഭവിക്കരുത്. സ്റ്റുഡിയോ based ഷോയോ, ടെക്‌നോളജി ഉപയോഗിച്ച് കൊണ്ടുള്ള കാഴ്ചയുടെ മാസ്മരികതയോ, കൊച്ചുവര്‍ത്തമാനം പറച്ചിലോ, വെറും കോമാളിത്തമോ, വോയറിസമോ,തെളിവുകളുടെ പിന്‍ബലമില്ലാത്ത ആരോപണങ്ങളോ ആകരുത് ജേര്‍ണലിസം. അത് എല്ലായ്പോഴും ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആയിത്തന്നെ തുടരണം.

അത് പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിരോധത്തില്‍ ആകുമ്പോള്‍ മാത്രം മാധ്യമങ്ങളുടെ കക്ഷിരാഷ്ട്രീയവല്‍ക്കരണത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. മുഖ്യധാരാ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍, സ്റ്റുഡിയോയില്‍ നിന്നും നേരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അശ്‌ളീല കാഴ്ച കണ്ടവരാണ് നമ്മള്‍. തെറ്റായ ഒരു മാതൃക തന്നെ ആയിരുന്നു അത്. അതുകൊണ്ടാണ്, ഇന്ന് ഏതെങ്കിലും ചാനലിന്റെ പ്രബല മുഖങ്ങള്‍ വ്യക്തമായ രാഷ്ട്രീയചായ്വുള്ള നിലപാട് എടുക്കുമ്പോള്‍ അവര്‍ക്കു രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടെന്നു ആരോപിക്കപ്പെടുന്നത്.

ജേര്‍ണലിസം, ഒരിക്കലും പ്രോപഗണ്ട ഏജന്‍സി ആകരുത്. ഭരണാധികാരികളുടെ പ്രതിച്ഛായ നിര്‍മ്മിക്കലും, തകര്‍ക്കലും അല്ല മാധ്യമങ്ങളുടെ നൈതികമായ കടമ. മറിച്ച്, വാര്‍ത്തകള്‍, വസ്തുതകളുടെ വെളിച്ചത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യലാണ്. ജനാധിപത്യപരമായ സംവാദത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിടാനും മുന്‍കൈ എടുക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. ആശയങ്ങളുടെ ഏറ്റുമുട്ടലും , ചോദ്യം ചെയ്യലും ഇല്ലെങ്കില്‍ വെറും ‘manufacturing of consent’ ആയി ലിബറല്‍ ജനാധിപത്യം മാറാന്‍ അധികകാലമെടുക്കില്ല. മാധ്യമങ്ങളും,
രാഷ്ട്രീയപാര്‍ട്ടികളും, പൊതുസമൂഹവും ഒരുപോലെ ഗൗരവത്തില്‍ എടുക്കേണ്ട കാര്യമാണത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more