| Friday, 9th January 2026, 1:01 pm

ഞാനും കഷ്ടപ്പെട്ടാണ് സിനിമയെടുക്കുന്നത്; പുരുഷ സംവിധായകന് 100 കോടി കിട്ടിയാല്‍ എനിക്ക് 50 കോടി കിട്ടുമോ? ഇല്ല: സുധ കൊങ്കര

അശ്വിന്‍ രാജേന്ദ്രന്‍

സ്ത്രീക്കും പുരുഷനും ചെയ്യുന്ന ജോലികളില്‍ തുല്ല്യ വേതനമെന്ന വാദം സമൂഹത്തിലെ എല്ലാ തൊഴില്‍ മേഖലകളിലും ഉയര്‍ന്ന് കേള്‍ക്കുന്ന ആവശ്യങ്ങളിലൊന്നാണ്. അടുത്തിടെയായി സിനിമാ മേഖലയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്നു. വിഷയത്തില്‍ പുതിയ ചര്‍ച്ചകളുമായി രംഗത്തെത്തിയിരിക്കുന്നത് തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ സുധാ കൊങ്കരയാണ്.

നേരത്തേ സിനിമാ മേഖലയില്‍ മുന്‍നിര നടിമാരുടെയും നടന്മാരുടെയും പ്രതിഫലത്തിലുള്ള അന്തരം വലിയ രീതിയില്‍ ബോളിവുഡ് അടക്കം പല ഇന്‍ഡസ്ട്രികളിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ ആളുകളെ കയറ്റാനുള്ള താരങ്ങളുടെ കഴിവിനനുസരിച്ചാണ് പ്രതിഫലമെന്ന വാദമുന്നയിച്ചായിരുന്നു പലരും ഇതിനെതിരെ പ്രതിരോധം തീര്‍ത്തത്.

സുധ കൊങ്കര സല്‍മാന്‍ ഖാനൊപ്പം. Photo: ssocial News xyz

അതേസമയം സംവിധാന രംഗത്തും ഇത്തരത്തിലുള്ള അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഒരു തമിഴ് യൂട്യൂബ് ചാനലിന് സുധാ കൊങ്കര നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍. തമിഴിലെ മികച്ച സംവിധായകരില്‍ ഒരാള്‍ ആയിരുന്നിട്ട് കൂടി സുധാ കൊങ്കര നേരിടേണ്ടി വരുന്ന പ്രശ്‌നം സിനിമാ മേഖലയില്‍ ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല.

‘എല്ലാവരും കരുതുന്നത് മറ്റുള്ള സംവിധായകര്‍ക്ക് 100 കോടി കൊടുക്കുമ്പോള്‍ എനിക്ക് 50 കോടി തരുന്നുണ്ടെന്നാണ് പക്ഷേ അങ്ങനെയല്ല ഒരു പുരുഷ സംവിധായകന് കിട്ടുന്നതിന്റെ നേര്‍ പകുതിയാണ് എനിക്ക് ലഭിക്കുന്നത്. ഇതിനെതിരെ ഞാന്‍ ഫൈറ്റ് ചെയ്യാറുണ്ട് അവര്‍ എത്ര ജോലി ചെയ്യുന്നുണ്ടോ അത്രയും തന്നെ ഞാനും ചെയ്യുന്നുണ്ട്.

എന്റെ സിനിമക്കും ആളുകള്‍ തിയ്യേറ്ററിലെത്താറുണ്ട്, വലിയ സിനിമകള്‍ തന്നെയാണ് ഞാനും ചെയ്യാറുള്ളത്. വളരെ കഷ്ടപ്പെട്ട് ചെയ്യുന്നതാണ് എന്റെ ഓരോ സിനിമയും. നിര്‍മാതാക്കള്‍ പ്രതിഫലം വളരെ കുറച്ച് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ചെയ്യാതെ ഒഴിവാക്കിയ സിനിമകളുമുണ്ട്’ സുധ പറയുന്നു.

തമിഴിലെ മുന്നിട്ട് നില്‍ക്കുന്ന ഒരു ലേഡി സൂപ്പര്‍സ്റ്റാറിന്റെ സിനിമക്ക് കയറുന്നതിന്റെ പകുതി ആളുകള്‍ മാത്രമാണ് മുന്‍നിര നടന്റെ ചിത്രത്തിന് കയറുന്നതെന്നും എന്നാല്‍ വേതനത്തിന്റെ കാര്യത്തില്‍ നടന് ലഭിക്കുന്നതിന്റെ നാലിലൊന്ന് മാത്രമാണ് സ്ത്രീക്ക് ലഭിക്കുന്നതെന്നും സംവിധായിക പറയുന്നു. അതുകൊണ്ട് തിയേറ്റര്‍ നിറക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വേതനമെന്ന പതിവ് ന്യായീകരണം തന്നോട് പറയരുതെന്നും സുധ കൂട്ടിച്ചേര്‍ത്തു.

പരാശക്തി. Photo: Theatrical poster

സുരറൈ പോട്രിനു ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി റിലീസിനൊരുങ്ങുന്ന പരാശക്തിയാണ് സുധാ കൊങ്കരയുടെ ഏറ്റവും പുതിയ ചിത്രം. 1960 കളില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യര്‍ത്ഥി നേതാവ് രാജേന്ദ്രന്റെ കഥ പറയുന്ന ചിത്രം ജനുവരി 10 നാണ് തിയേറ്ററുകളിലെത്തുക.

Content Highlight: sudha kongara talks about the discrepancy in wages of male and female directors

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more