| Wednesday, 14th January 2026, 12:37 pm

ധുരസന്ധറും കശ്മീര്‍ ഫയല്‍സും സമൂഹത്തെ ട്രിഗര്‍ ചെയ്യിക്കാന്‍ എടുത്ത സിനിമയാണോയെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഞാന്‍ ചോദിച്ചു: സുധ കൊങ്കാര

അമര്‍നാഥ് എം.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് പരാശക്തി. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ സാധിക്കുന്നില്ലെങ്കിലും ശക്തമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. 1864ല്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ കഥയാണ് പരാശക്തി പറയുന്നത്.

തൊട്ടാല്‍ പൊള്ളുന്ന വിഷയം സംസാരിക്കുന്ന പരാശക്തിക്ക് 24 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടുകള്‍ സിനിമയുടെ രാഷ്ട്രീയത്തെ ബാധിച്ചിട്ടില്ല. പരാശക്തിയുടെ സെന്‍സറിങ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സുധാ കൊങ്കര.

ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയ രംഗങ്ങള്‍ ആദ്യമേ തങ്ങള്‍ കട്ട് ചെയ്‌തെന്ന് സുധാ കൊങ്കര പറഞ്ഞു. അമിതമായ വയലന്‍സ് കാരണം കൂടുതല്‍ പ്രശ്‌നമാകണ്ടെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം സണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുധ ഇക്കാര്യം പറഞ്ഞത്.

‘വയലന്‍സിന്റെ സീനുകളെല്ലാം മാറ്റിയാല്‍ വേറൊന്നും ഈ പടത്തില്‍ കട്ട് ചെയ്യാനില്ല. പൊളിറ്റിക്‌സ് മാത്രമേയുള്ളൂ. എന്നിട്ടും പടം റിവൈസിങ് കമ്മിറ്റിയിലേക്ക് പോയി. സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ കണ്ടാല്‍ കട്ടൊന്നും പറയില്ലായിരുന്നു ഞങ്ങള്‍ കരുതിയത്.

‘ഈ സിനിമ കുറച്ചാളുകളെ ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ബോര്‍ഡിലെ ഒരംഗം എന്നോട് പറഞ്ഞു. ഈ സിനിമ ആരെയും താഴ്ത്തിക്കെട്ടാനോ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനോ വേണ്ടി ചെയ്തതല്ല, പകരം ഇങ്ങനെ ഒരു അടിച്ചമര്‍ത്തലും അതിനെതിരെയുള്ള പോരാട്ടവും നടന്നിട്ടുണ്ട് എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഈ സിനിമ ചെയ്യുന്നത് എന്ന് ഞാന്‍ പറഞ്ഞു.

ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമമാണിതെന്ന് അവരോട് പറഞ്ഞു. ഈയടുത്ത് ധുരന്ധര്‍ എന്നൊരു സിനിമ റിലീസായി. സിനിമ കാണുന്ന ആളുകള്‍ പാകിസ്ഥാനെതിരെ ആയുധമെടുക്കാന്‍ വേണ്ടിയാണോ അവര്‍ സിനിമ ചെയ്തത്? അല്ലല്ലോ. മുമ്പ് നടന്ന കാര്യങ്ങള്‍ അടയാളപ്പെടുത്താന്‍ വേണ്ടിയല്ലേ.

അതുപോലെ കശ്മീര്‍ ഫയല്‍സ് എന്ന പടം ആരെയെങ്കിലും ട്രിഗര്‍ ചെയ്യിക്കാന്‍ വേണ്ടി ചെയ്ത സിനിമയാണോ എന്നും ഞാന്‍ ചോദിച്ചു. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണല്ലോ അവര്‍ കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ചെയ്തത്.

അതുപോലെയാണ് പരാശക്തിയും. ഇനി ഇങ്ങനെയൊരു സംഭവം നടക്കാന്‍ പാടില്ല എന്ന ഉദ്ദേശം മാത്രമേ ഉള്ളൂ എന്ന് സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞു. അവര്‍ അതില്‍ കണ്‍വിന്‍സായി,’ സുധ കൊങ്കര പറയുന്നു.

Content Highlight: Sudha Kongara shares the censoring experience of Parasakthi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more