താനൊരു കടുത്ത രജിനികാന്ത് ആരാധികയാണെന്ന് സംവിധായിക സുധ കൊങ്കര. തന്റെ ഏറ്റവും പുതിയ ചിത്രമായ പരാശക്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ബിഹൈന്‍വുഡ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ ഞാന്‍ രജിനികാന്തിന്റെ ഒരു വലിയ ആരാധികയാണ്. രജിനികാന്ത് സാറിനെ വെച്ച് ഒരു നല്ല ലവ് സ്റ്റോറി സിനിമ ചെയ്യണമെന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമാണ്. അത്രയും വലിയ ഫാനാണ് ഞാന്‍. മുതല്‍ മര്യാദൈയി പോലൊരു സിനിമ അദ്ദേഹത്തിനെ നായകനാക്കി ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അത് കുറെകാലമായി എന്റെ മനസില്‍ കിടക്കുന്ന കാര്യമാണ്. ഒരു കഥ എന്റെ മനസില്‍ ഉണ്ട്. അത് ഇനി എഴുതണം,’ സുധ കൊങ്കര പറയുന്നു.
തനിക്ക് പ്രണയ സിനിമകള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണെന്നും എല്ലാ ഴോണറിലുള്ള സിനിമകളും കരിയറില്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സുധ പറഞ്ഞു. വ്യത്യസ്തമായ കുറച്ച് കഥ കൂടെ ചെയ്തിട്ട് താന്‍ സിനിമയില്‍ നിന്ന് റിട്ടൈര്‍ ചെയ്യുകയാണെന്നും സംവിധായിക കൂട്ടിച്ചേര്‍ത്തു.
അതേസമയം ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി ജനുവരി 10നാണ് തിയേറ്ററുകളിലെത്തുന്നത്. പൊങ്കല്‍ റിലീസായി ഒരുങ്ങുന്ന ചിത്രം വന്‍ ഹൈപ്പിലാണ് എത്തുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീലീല, രവി മോഹന്‍, അഥര്‍വ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
1965 കാലഘട്ടത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പരാശക്തിയുടെ കഥ വികസിക്കുന്നത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിലെ രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത്.
പരാശക്തി എന്ന സിനിമ ഒരു പൊളിറ്റിക്കല്‍ സിനിമയല്ലെന്നും ഒരു സ്റ്റുഡന്റ് മൂവ്‌മെന്റിനെ കുറിച്ചാണ് പറയുന്നതെന്നും സുധ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Sudha Kongara says she wants to do a romantic film with Rajinikanth