മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലൂടെയാണ് തമിഴ് ഇന്‍ഡസ്ട്രി നിലവില്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരം വിജയ് സിനിമാലോകത്ത് നിന്ന് പടിയിറങ്ങുന്നെന്ന് അറിയിച്ച ശേഷം വലിയൊരു വിജയം ടോളിവുഡിന് ഉണ്ടായിട്ടില്ല. വലിയ ഹൈപ്പിലെത്തിയ സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു.
ഈ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി. സൂരറൈ പോട്രിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്. പൊങ്കലിന് സോളോ റീലീസായെത്തിയ ചിത്രം ഇതുവരെ 60 കോടി മാത്രമാണ് സ്വന്തമാക്കിയത്. ഒരു നടന്റെ ആളുകള്‍ മനപൂര്‍വം പരാശക്തിയെ ഡീഗ്രേഡ് ചെയ്യുകയാണെന്ന് സംവിധായിക ആരോപിച്ചു.
സുധയുടെ ഈ ആരോപണമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സിനിമക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പക്വതയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സൂരറൈ പോട്ര് പോലെ ഒരു ഗംഭീര സിനിമ പ്രതീക്ഷിച്ചുപോയ ആരാധകര്‍ക്ക് ശരാശരി സിനിമ നല്‍കുമ്പോള്‍ പ്രതികരിക്കുമെന്നും പോസ്റ്റുകളുണ്ട്.
സുധാ കൊങ്കരക്കൊപ്പം ട്രോളന്മാരുടെ ഇരയായി മാറിയ മറ്റൊരു സംവിധായകനാണ് ലോകേഷ് കനകരാജ്. കുറച്ചുനാള്‍ മുമ്പ് വരെ തമിഴിലെ ബ്രാന്‍ഡ് ഡയറക്ടറായിരുന്നു ലോകേഷ് ഇന്ന് ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. വന്‍ ഹൈപ്പിലെത്തിയ കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ലോകേഷിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂര്‍ണമായും ലോകേഷ് വിട്ടുനിന്നു. അടുത്തിടെ കൂലിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആ സിനിമ നിര്‍മാതാവിന് നല്ല ലാഭമുണ്ടാക്കി’ എന്ന് ലോകേഷ് പറഞ്ഞതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
രണ്ട് വര്‍ഷം മുമ്പുള്ള അഭിമുഖത്തില്‍ ‘പടം എത്ര കോടി നേടി എന്നല്ല, 200 രൂപ കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകന് അത് ഇഷ്ടപ്പെട്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. ആ 200 രൂപക്കാണ് ഞാന്‍ മൂല്യം കൊടുക്കുന്നത്’ എന്നായിരുന്നു ലോകേഷ് പറഞ്ഞത്.
അതേ ലോകേഷ് ഇപ്പോള്‍ സിനിമയുടെ ലാഭക്കണക്ക് പറയുന്ന തരത്തിലേക്ക് മാറിയെന്നും ചര്‍ച്ചാവിഷയമായി മാറി. ലോകേഷിന്റെ പാതയിലാണ് സുധാ കൊങ്കരയും സഞ്ചരിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സിനിമയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് അംഗീകരിക്കാനുള്ള മനസാണ് ആദ്യം വേണ്ടതെന്നും പോസ്റ്റുകളുണ്ട്.
എന്നാല്‍ ഒരു പരിധിക്കപ്പുറത്ത് വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ വിമര്‍ശനമുയരുമ്പോഴാണ് ഇവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Sudha Kongara and Lokesh Kanagaraaj become troll material for their attitude towards criticism