| Monday, 1st September 2025, 11:53 am

യഷ് വളരെ ഡൗണ്‍ ടു എര്‍ത്താണ്; എത്ര വലിയ സൂപ്പര്‍സ്റ്റാറാണെങ്കിലും സെറ്റില്‍ കൂട്ടുകാരനെ പോലെ: സുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സുദേവ് നായര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സുദേവ് അറിയപ്പെടുന്നത്.

കെ.പി.എ.സി ലളിത, നെടുമുടി വേണു തുടങ്ങിയ ആളുകള്‍ അവസാനമായി അഭിനയിച്ച സിനിമകളില്‍ അവര്‍ക്കൊപ്പം സ്‌ക്രീന്‍സ്‌പേയ്‌സ് ലഭിച്ചിട്ടുള്ള നടന്‍ കൂടിയാണ് അദ്ദേഹം. ഒപ്പം മോഹന്‍ലാല്‍, മമ്മൂട്ടി, യഷ് തുടങ്ങിയവര്‍ക്കൊപ്പവും സുദേവ് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ അവരുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം എങ്ങനെയാണ് കരിയറിനെ സഹായിച്ചിട്ടുള്ളതെന്ന് പറയുകയാണ് നടന്‍. അവരോടൊക്കെ സംസാരിക്കുകയും കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുന്നതോടെ താന്‍ പോകുന്നത് കറക്ട് പാതയിലാണെന്ന് മനസിലായിയെന്നാണ് സുദേവ് പറയുന്നത്.

‘കരിയറിന്റെ തുടക്കത്തില്‍ ലാലേട്ടനോട് സംസാരിക്കാനുള്ള അവസരമൊക്കെ എനിക്ക് ലഭിച്ചിരുന്നു. ആ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചോദ്യങ്ങളൊക്കെ ചോദിക്കാറുണ്ടായിരുന്നു. അവര്‍ക്കൊക്കെ നല്ല ക്ഷമയാണ്. കാരണം നമ്മുടെ ചോദ്യങ്ങള്‍ക്ക് അവര്‍ കൃത്യമായി മറുപടി നല്‍കുമായിരുന്നു,’ സുദേവ് നായര്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ അഭിനയത്തിലെ അവരുടെ പ്രോസസ് എങ്ങനെയാണെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറയുന്നു. സത്യത്തില്‍ അതിന് പ്രോസസെന്നൊന്നും പറയാനില്ലെന്നും എല്ലാവരും ഒരു ഫ്‌ളോയിലാണ് ചെയ്യുന്നതെന്നും സുദേവ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ കൂടുതലും ശ്രദ്ധിക്കുന്നത് ആളുകളുടെ പേഴ്‌സണാലിറ്റിയാണ്. യഷിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം വളരെ ഡൗണ്‍ ടു എര്‍ത്താണ്. എത്ര വലിയ സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും സെറ്റില്‍ നമ്മളുടെ കൂട്ടുകാരനെ പോലെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ചിലപ്പോഴൊക്കെ സഹോദരനെ പോലെയാണ്.

എല്ലാവരുടെയും പേഴ്‌സണാലിറ്റി വ്യത്യസ്തമാണ്. ചിലര്‍ വളരെ റിസേര്‍വ്ഡായ ആളുകളാകും. പക്ഷെ എല്ലാവരും ഒരു സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ചിന്തിക്കുന്നത് തനിക്ക് ഈ പ്രോജക്ടിന് വേണ്ടി എന്ത് കൊടുക്കാന്‍ പറ്റുമെന്നാണ്. അല്ലാതെ തനിക്ക് ഇവിടെ നിന്ന് എന്തെടുക്കാന്‍ പറ്റുമെന്ന് ചിന്തിക്കില്ല. ലാലേട്ടനും മമ്മൂക്കയും ലളിത ചേച്ചിയും നെടുമുടി വേണുച്ചേട്ടനുമൊക്കെ അങ്ങനെയാണ്,’ സുദേവ് നായര്‍ പറഞ്ഞു.


Content Highlight: Sudev Nair Talks About Yash

We use cookies to give you the best possible experience. Learn more