സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാങ് (2014) എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് സുദേവ് നായര്‍. പിന്നീട് മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ആക്ടിങ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ആളെന്ന നിലയില്‍ ആദ്യ സിനിമകളില്‍ സുദേവിന്റെ അഭിനയ രീതി വ്യത്യസ്തമായിരുന്നു. തന്റെ അഭിനയജീവിതത്തെ കുറിച്ച് സുദേവ് സംസാരിക്കുന്നു.
‘മെത്തേഡ് ആക്ടിങായതുകൊണ്ട് കഥാപാത്രത്തിന്റെ ബാക്ക്ഗ്രൗണ്ടും തിരക്കഥയില്‍ എഴുതാത്ത കാര്യങ്ങളും വരെ സങ്കല്‍പിച്ച്, പഴയകാലം അയാളെ എങ്ങനെ രൂപപ്പെടുത്തിയിട്ടുണ്ടാകും എന്നൊക്കെ അനലൈസ് ചെയ്തിട്ട് വരുമായിരുന്നു. പക്ഷേ ക്യാമറയുടെ മുന്നില്‍ ഇതൊന്നുമുണ്ടാകില്ല. ബാക്കി നല്ല അഭിനേതാക്കളൊക്കെ വന്ന് സ്മൂത്തായി ചെയ്തുപോകും.
പിന്നെയാണ് എനിക്ക് മനസിലായത് കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറിയൊക്കെ വിലയിരുത്തിയുള്ള അഭിനയം അനാവശ്യ ബൗദ്ധിക പ്രകടനങ്ങളാണെന്ന്. അതിന്റെ ആവശ്യമില്ലന്നല്ല, പക്ഷേ നമ്മുടെ സിനിമകളില്‍ അതാവശ്യമില്ലെന്നാണ് എന്റെ തോന്നല്‍. മമ്മൂക്ക, ലാലേട്ടന്‍ എന്നിവരോടൊക്കെ സംസാരിച്ചപ്പോള്‍ മനസിലായത് അവരൊക്കെ ആ കഥാപാത്രത്തിന്റെ എനര്‍ജിയും ഉദ്ദേശ്യവും കിട്ടിയാല്‍ വളരെ കൂളായിരിക്കും, വേഷം വളരെ ജെന്യുവിനായി വരികയും ചെയ്യും,’ സുദേവ് പറയുന്നു.
ഇപ്പോള്‍ താന്‍ റിലാക്‌സ്ഡ് ആണെന്നും ഒരു ഭാരമില്ലാതെ അഭിനയം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തെ എഴുത്തുകാരന്‍ വ്യത്യസ്തമായി എഴുതിയാലെ അഭിനേതാവിന് അത് മികച്ചതായി ചെയ്യാനാകുകയെന്നും അതല്ലെങ്കില്‍ എത്ര ശ്രമിച്ചാലും ഓവര്‍ ആക്ടിങ് ആയി തോന്നുമെന്നും സുദേവ് കൂട്ടിച്ചേര്‍ത്തു.
‘ഭീഷ്മപര്‍വ്വത്തിന് ശേഷം അതുപോലുള്ള പല റോളുകള്‍ വന്നിരുന്നു. അതൊക്കെ വേണ്ടെന്നുവെച്ചു. നെഗറ്റീവ് റോളുകളും എപ്പോഴും ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. ആദ്യകാലത്ത് ഈ ലുക്ക് മലയാള സിനിമയില്‍ എനിക്ക് പരിമിതിയായിട്ടുണ്ടെങ്കിലും ഇപ്പോഴെന്നെ പ്രേക്ഷകര്‍ക്ക് പരിചയമായി. ഞാനിപ്പോള്‍ ഇവിടെ ഔട്‌സൈഡര്‍ അല്ല,’ സുദേവ് പറഞ്ഞു.
Content highlight: Sudev nair talks about his acting career