| Monday, 24th August 2026, 6:12 pm

ഗീതുവിനെ മാറ്റി യഷ് ഒരു സീനും സംവിധാനം ചെയ്തിട്ടില്ല, ആരാണ് ഇതൊക്കെ പടച്ചുവിടുന്നത്: സുദേവ് നായര്‍

അമര്‍നാഥ് എം.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. കെ.ജി.എഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം യഷ് നായകനായെത്തുന്ന ചിത്രം ഒരുപാട് തവണ റിലീസ് മാറ്റിവെച്ച ശേഷമാണ് പ്രദര്‍ശനത്തിനെത്തുന്നത്. മലയാളികളുടെ സ്വന്തം ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയാണ് ടോക്‌സിക്. യഷ് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ടോക്‌സിക്കിനുണ്ട്. 1960കളില്‍ ഗോവയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മലയാളി താരമായ സുദേവ് നായരും ടോക്‌സിക്കില്‍ പ്രധാനഭാഗം കൈകാര്യം ചെയ്യുന്നുണ്ട്.

2024ല്‍ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ട് രണ്ടരവര്‍ഷത്തോളം നീണ്ടുനിന്നു. ഇതിനിടയില്‍ ടോക്‌സിക് ഉപേക്ഷിച്ചെന്നും ഗീതു മോഹന്‍ദാസിന് പകരം യഷ് സംവിധാന ചുമതല ഏറ്റെടുത്തെന്നും റൂമറുകളുണ്ടായിരുന്നു. എന്നാല്‍ ഈ റൂമറുകള്‍ വ്യാജമാണെന്ന് പറയുകയാണ് സുദേവ് നായര്‍. ന്യൂസ് 18 മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ആ റൂമറുകളൊന്നും സത്യമല്ല. ഈ സിനിമ പൂര്‍ണമായും ഗീതു മോഹന്‍ദാസ് എന്ന സംവിധായകയുടെ വിഷനാണ്. ഷെഡ്യൂള്‍ ബ്രേക്കിനിടയില്‍ ആരോ പടച്ചുവിട്ട കാര്യമായിരുന്നു ഇത്. പടം ഉപേക്ഷിച്ചെന്നും യഷ് ഷാഡോ ഡയറക്ഷന്‍ ചെയ്യുന്നുവെന്നുമെല്ലാം ഞാനും കേട്ടു. പക്ഷേ, വിശ്വസിച്ചില്ല. നെഗറ്റീവ് പരത്താനായി ആരോ ഉണ്ടാക്കിവിട്ട കാര്യമാണിത്.

ഞാന്‍ അവിടെയുണ്ടായിരുന്ന സമയത്തെല്ലാം ഗീതു തന്നെയാണ് എല്ലാ സീനും എടുത്തത്. യഷ് സംവിധാനത്തില്‍ ഒരിക്കലും കൈകടത്താറില്ല. ഡയറക്ടര്‍ എന്ത് പറയുന്നോ അത് കൃത്യമായി ചെയ്യുന്ന ‘ഡയറക്ടേഴ്‌സ് ആക്ടറാണ്’ യഷ്. ചില ടേക്കുകള്‍ ഓക്കെയാണോ അല്ലയോ എന്നറിയാന്‍ വല്ലാത്ത ക്യൂരിയോസിറ്റിയായിരുന്നു. അത്രക്ക് ഡെഡിക്കേറ്റഡാണയാള്‍,’ സുദേവ് നായര്‍ പറയുന്നു.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ തനിക്ക് അറിയാവുള്ളൂ എന്നും സുദേവ് പറഞ്ഞു. മുഴുവന്‍ കഥ തന്നോട് പറഞ്ഞിട്ടില്ലെന്നും അവിടവിടായി ചില സീനുകള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. യഷ് തന്നോട് ടോക്‌സിക്കിന്റെ കഥ പറയാന്‍ നേരത്ത് ഗീതു മോഹന്‍ദാസ് അത് തടഞ്ഞെന്നും സുദേവ് പറയുന്നു.

Content Highlight: Sudev Nair reacts to the rumor about Yash’s shadow direction in Toxic

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more