| Wednesday, 26th August 2026, 4:06 pm

കമ്മട്ടത്തിൽ അഭിനയിച്ചതിന്റെ 40 ശതമാനം പ്രതിഫലം ഇപ്പോഴും കിട്ടാനുണ്ട്; പ്രതിഫലം ലഭിക്കാത്തതിനെക്കുറിച്ച് സുദേവ് നായർ

അജ്മല്‍ കെ

‘കമ്മട്ടം’ വെബ് സീരീസിൽ അഭിനയിച്ചതിന് തനിക്ക് ലഭിക്കാനുള്ള പ്രതിഫലത്തിന്റെ 40 ശതമാനം ഇപ്പോഴും കിട്ടാനുണ്ടെന്ന് നടൻ സുദേവ് നായർ. കുറഞ്ഞ ബജറ്റിന്റെ പേരിൽ അഭിനേതാക്കളുടെയും മറ്റ് അണിയറപ്രവർത്തകരുടെയും കഠിനാധ്വാനം ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുദേവ് പറഞ്ഞു. ‘കമ്മട്ടം’ സെറ്റിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ചും ടോക്സിക്ക് മൂവിയുടെ വിശേഷങ്ങളെ കുറിച്ചും ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

കുറഞ്ഞ ബജറ്റെന്നത് കലാകാരന്മാരുടെ കമ്മിറ്റ്മെന്റിനെ ഫ്രീ വർക്കായി ഉപയോഗിക്കാനുള്ള ലൈസൻസായി കാണുന്ന രീതിയോട് യോജിക്കാനാകില്ലെന്ന് സുദേവ് വ്യക്തമാക്കി. ‘കമ്മട്ടം’ പ്രോജക്ടിൽ നിരവധി പേർക്ക് ഇപ്പോഴും പ്രതിഫലം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ജോലി ചെയ്യേണ്ടി വന്ന സാഹചര്യങ്ങളും 48 മണിക്കൂർ വരെ നീണ്ട ഷിഫ്റ്റുകളും ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമായി പലരും ആരോഗ്യം പോലും പരിഗണിക്കാതെ ജോലി ചെയ്തുവെന്നും സുദേവ് കൂട്ടിച്ചേർത്തു.

സുദേവ് നായർ. Photo: Screengrab/ Youtube.com

‘കമ്മട്ടം’ പ്രോജക്ടിൽ താൻ ഉൾപ്പെട്ടത് വലിയൊരു താൽപര്യത്തോടെയായിരുന്നുവെന്നും സുദേവ് പറഞ്ഞു. എന്നാൽ അവിടെ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള തൊഴിൽ സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതെന്ന് മനസ്സിലായത്. വെബ് സീരീസ് സംസ്കാരം മലയാളത്തിൽ വളർന്നുവരുന്ന ഘട്ടമായതിനാൽ ഈ പ്രോജക്ടിന്റെ ഭാഗമായതിനെ ഒരു ഉത്തരവാദിത്വമായും കണ്ടിരുന്നുവെന്നും താരം വ്യക്തമാക്കി.

‘കമ്മട്ടം’ സീരീസ് ലോഞ്ച് ചെയ്തത് തന്റെ മുഖം ഉപയോഗിച്ചായിരുന്നുവെന്നും സുദേവ് പറഞ്ഞു. അതുകൊണ്ടുതന്നെ സെറ്റിൽ നടന്ന കാര്യങ്ങൾ തനിക്ക് മാത്രമുള്ള പ്രശ്നമായി കാണാനാകില്ലെന്നും, തന്റെ പേരും മുഖവും പ്രോജക്ടുമായി ബന്ധപ്പെട്ടിരുന്നതിനാൽ വിഷയത്തിൽ ഇടപെടേണ്ട ഉത്തരവാദിത്വമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ലഭിക്കാനുള്ള പ്രതിഫലത്തിന്റെ 40 ശതമാനം ഇപ്പോഴും ലഭിച്ചിട്ടില്ലെന്നാണ് സുദേവിന്റെ ആരോപണം. ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രതിഫലത്തിൽ ഇളവ് നൽകിയിരുന്നുവെന്നും, ആ തുക പ്രോജക്ടിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു അതെന്നും താരം പറഞ്ഞു. എന്നാൽ പ്രതിഫലം നൽകാതെ നിർമ്മാതാവിന് ലാഭം ഉണ്ടാക്കാനുള്ള സാഹചര്യം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഡബ്ബിങ്ങിന്റെ സമയത്തും പ്രതിഫലം പൂർണമായി ലഭിച്ചിരുന്നില്ല. പൂർണമായ പ്രതിഫലം ലഭിക്കാതെ ഡബ്ബ് ചെയ്യാൻ കഴിയില്ലെന്ന് താൻ വ്യക്തമാക്കിയപ്പോൾ, ലഭ്യമല്ലെങ്കിൽ തന്റെ ശബ്ദവുമായി സാമ്യമുള്ള മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുമെന്നാണ് നിർമ്മാതാവ് ഇമെയിലിലൂടെ അറിയിച്ചത്. എന്നാൽ തന്റെ ശബ്ദം മാറ്റുന്നത് സീരീസിന്റെ നിലവാരത്തെ ബാധിക്കുമെന്നതിനാൽ ഒടുവിൽ ആ നീക്കം ഒഴിവാക്കേണ്ടിവന്നതാണ്,’താരം പറഞ്ഞു.

സുദേവ് നായർ. Photo: Screengrab/ Youtube.com

പ്രതിഫലം നൽകാമെന്ന് പലതവണ വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും ഓരോ തവണയും തീയതി മാറ്റിക്കൊണ്ടിരുന്നുവെന്നും സുദേവ് പറഞ്ഞു. റിലീസിന് ശേഷം പണം നൽകാമെന്ന ഉറപ്പിലാണ് ഒടുവിൽ താനും സമ്മതിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോജക്ട് പൂർത്തിയായി പുറത്തിറങ്ങുക എന്നതിനായിരുന്നു അന്ന് എല്ലാവരും കൂടുതൽ പ്രാധാന്യം നൽകിയതെന്നും സുദേവ് കൂട്ടിച്ചേർത്തു.

‘പ്രോജക്ട് ആദ്യം വരട്ടെ, പേയ്മെന്റ് പിന്നെ നോക്കിക്കോളാം എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. അതാണ് പലപ്പോഴും ചൂഷണം ചെയ്യാൻ അവസരം നൽകിയത് എന്ന തോന്നുന്നു,’ സുദേവ് പറഞ്ഞു.

റിലീസിന് ശേഷവും പ്രതിഫലം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇമെയിൽ വഴി ബന്ധപ്പെട്ടെങ്കിലും പ്രശ്നത്തിന് പൂർണപരിഹാരം ഉണ്ടായില്ലെന്നും സുദേവ് വ്യക്തമാക്കി. തന്റെ നോൺ-കോൺഫ്ലിക്റ്റ്‌ സർട്ടിഫിക്കറ്റിനെ നോൺ-ഡ്യൂസ് സർട്ടിഫിക്കറ്റായി കാണിച്ച് പേയ്മെന്റ് ക്ലിയർ ചെയ്യാനുള്ള ശ്രമം നടന്നതായും താരം ആരോപിച്ചു. തുടർന്ന് അത് നോൺ കോൺഫ്ലിക്റ്റ്‌ സർട്ടിഫിക്കറ്റ് മാത്രമാണെന്നും തനിക്ക് ലഭിക്കാനുള്ള തുക നൽകാതെ വിഷയം അവസാനിപ്പിക്കരുതെന്നും വ്യക്തമാക്കി ബന്ധപ്പെട്ടവർക്ക് ഇമെയിൽ അയച്ചതായും സുദേവ് നായർ കൂട്ടിച്ചേർത്തു.

ഒരു പ്രോജക്ടിനായി ഇത്രയധികം കഷ്ടപ്പെട്ട് ജോലി ചെയ്ത ശേഷം അതിൽ പങ്കെടുത്തവരോട് ഇത്തരത്തിൽ പെരുമാറുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും സുദേവ് വ്യക്തമാക്കി. ഇത്തരം അനുഭവങ്ങൾ കലാകാരന്മാരുടെ ആവേശത്തെയും ആത്മാർഥതയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്രയും എഫർട്ട് ഇട്ട് ഒരു പ്രൊഡക്ട് ഉണ്ടാക്കിയിട്ട് മറ്റുള്ളവരെ ഇങ്ങനെ ട്രീറ്റ് ചെയ്യുമ്പോൾ സത്യത്തിൽ വെറുത്തുപോകും. അത് ഭയങ്കര ബാഡ് സൈൻ ആണ്,’ സുദേവ് നായർ പറഞ്ഞു.

Content Highlight: Sudev Nair opens up about his difficult experience working in the web series Kammattam

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more