| Friday, 26th December 2025, 1:04 pm

ബുള്‍ഡോസര്‍ രാജ്; കോണ്‍ഗ്രസിന്റെ ലെഗസി തിരിച്ചുപിടിച്ച കര്‍ണാടക സര്‍ക്കാര്‍

സുദീപ് സുധാകരന്‍

ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂവായിരത്തോളം മനുഷ്യരുടെ (അതില്‍ അധികവും മുസ്‌ലിങ്ങളാണ്) വാസസ്ഥലം ഒരു ദിവസം കൊണ്ട് ഇടിച്ചു നിരത്തിയ വാര്‍ത്ത കേരളത്തില്‍ ചര്‍ച്ചയായിരുന്നു.

യു.പിയിലും മറ്റും ബി.ജെ.പി സര്‍ക്കാറുകള്‍ നടപ്പിലാക്കുന്നത് കോണ്‍ഗ്രസും ചെയ്യുന്നു എന്ന നിരാശയാണ് അത്തരം ചര്‍ച്ചകളില്‍ പലരും സൂചിപ്പിക്കുന്നത്.

ബെംഗളൂരുവില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തുന്നു

എന്നാല്‍, അത്തരം ആളുകളുടെ നിരാശയോട് ചേര്‍ന്ന് നിന്നുകൊണ്ട് തന്നെ പറയട്ടെ, എന്തൊരു ചരിത്രവിരുദ്ധമായ സ്റ്റേറ്റ്‌മെന്റാണ് ഇത്. സത്യത്തില്‍ പറയേണ്ടത് സ്വന്തം ലെഗസി തിരിച്ചുപിടിച്ചു കോണ്‍ഗ്രസ് എന്നല്ലേ?

വര്‍ക്കിങ് ക്ലാസ് നെയ്ബര്‍ഹുഡുകളിലേക്ക് സര്‍ക്കാര്‍ അതോറിറ്റികള്‍ പെട്ടെന്നൊരു ദിവസം വന്നു, കൃത്യമായ സമയമോ പ്രൊസീജിയറല്‍ ഫോര്‍മാലിറ്റികളോ നിയമം തന്നെ അനുവദിക്കുന്ന നീതിയുടെ ഉന്നതമായ ഫെയര്‍നെസ് തത്വങ്ങളോ പാലിക്കാതെ മനുഷ്യരെ ഇറക്കി വരുന്നതാണ് ബുള്‍ഡോസര്‍ ജസ്റ്റിസ്.

2023ല്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഹരിയാനയില്‍ നടത്തിയ ബുള്‍ഡോസര്‍ രാജ്‌

ഇങ്ങനെ ഇറക്കി വിടുന്നവര്‍ ഇനിയെങ്ങോട്ട് പോകും എന്ന ചോദ്യം സര്‍ക്കാറിന് വിഷയമല്ല.

ഇന്ത്യയിലെ ചേരികളില്‍ വലിയതോതില്‍ താമസിക്കേണ്ടി വരുന്നത് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം, ദളിത് അടക്കമുള്ള പിന്നോക്ക വിഭങ്ങളാണ്. അതുകൊണ്ട് തന്നെ ബുള്‍ഡോസര്‍ ജസ്റ്റിസിന്റെ ഇരകളാകുന്നത്, ഭൂരിപക്ഷം കേസുകളിലും, ഇത്തരം വിഭാഗങ്ങളില്‍ നിന്നുള്ള വര്‍ക്കിങ് ക്ലാസാണ്.

ഇന്ന് ബി.ജെ.പി സര്‍ക്കാറുകള്‍ ഇത് വലിയ രീതിയില്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം, ഇത്തരമൊരു രീതി ലാര്‍ജ് സ്‌കെയിലില്‍ നടപ്പിലാക്കി വിജയിപ്പിച്ച്, അതൊരു മാതൃകയാക്കി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റിയത് കോണ്‍ഗ്രസാണ് എന്ന വസ്തുതയാണ്.

ഒട്ടനവധി വിഷയങ്ങളില്‍ എന്ന പോലെ കോണ്‍ഗ്രസിന്റെ ഒരു തുടര്‍ച്ചയാണ് ഇവിടെയും ബി.ജെ.പി.

പല ഉദാഹരണങ്ങള്‍ പറയാമെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടതായി പറയേണ്ടത്, അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ ഗാന്ധി കുടുംബത്തിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ നടന്ന നരനായാട്ടുകളാണ്.

അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍, ‘ഇന്ദിര ഗാന്ധി, ഭാരത യക്ഷി ചോരകുടിച്ചത് മതിയായെങ്കില്‍ ബാക്കി കൊടുക്കൂ സഞ്ജയന്’, എന്ന പ്രതിപക്ഷ മുദ്രാവാക്യം പോലെ, പ്രധാനമന്ത്രിയെക്കാളും വലിയ അധികാര ദുര്‍വിനിയോഗം നടത്തിയിരുന്നത് മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു.

ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും

അയാളുടെ രണ്ട് പെറ്റ് പ്രൊജക്റ്റുകളായിരുന്നു, നിര്‍ബന്ധിത വന്ധ്യംകരണം വഴിയുള്ള ജനസംഖ്യ നിയന്ത്രണവും അതുപോലെ ചേരി ഒഴിപ്പിച്ചുള്ള സൗന്ദര്യവത്കരണവും.

ദല്‍ഹി ജുമാ മസ്ജിദിനു സമീപത്തുള്ള തുര്‍ക്മാന്‍ ഗേറ്റ് മുസ്‌ലിം വര്‍ക്കിങ് ക്ലാസ് തിങ്ങിപ്പാര്‍ത്തിരുന്ന ഒരു ചേരി പ്രദേശമായിരുന്നു. എല്ലാ മനുഷ്യാവകാശങ്ങളും കോണ്‍ഗ്രസ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്ന കാലഘട്ടമാണ് അതെന്നു ഓര്‍ക്കണം.

1976ന്റെ തുടക്കത്തില്‍ സഞ്ജയ് ഗാന്ധി ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് അയാള്‍ കോപാകുലനായിരുന്നു എന്നാണ് The Struggle Within: A Memoir of the Emergency എന്ന പുസ്തകത്തില്‍ അശോക് ചക്രവര്‍ത്തി പറയുന്നത്.

ഒന്ന് ഒരു ‘രാജകുമാര’ന് ലഭിക്കേണ്ട വരവേല്‍പ്പ് ചേരിയിലെ ജനങ്ങളില്‍ നിന്നും ലഭിച്ചില്ല, മറ്റൊന്ന് തുര്‍ക്മാന്‍ ഗേറ്റിലെ, ‘ഭംഗിയില്ലാത്ത’ കെട്ടിടങ്ങള്‍ കാരണം അയാള്‍ക്ക് ജുമാ മസ്ജിദിന്റെ പൂര്‍ണരൂപം താന്‍ നില്‍ക്കുന്നിടത് നിന്നും കാണാന്‍ കഴിഞ്ഞില്ലത്രേ!

സഞ്ജയ് ഗാന്ധി

തനിക്ക് നേരിട്ട ദുരനുഭവത്തില്‍ സഞ്ജയ് കോപിഷ്ഠനായി. അപ്പോള്‍ പ്രതിവിധിയെന്ത്? പൊളിക്കുക തന്നെ!

1976 ഏപ്രില്‍ 13നാണ് തുര്‍ക്മാന്‍ ഗേറ്റ് പൊളിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. പ്രദേശവാസികളായ വഴിയോരക്കച്ചവടക്കാരും, ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് താമസക്കാരും പ്രതിഷേധവുമായി എത്തിയിരുന്നു.

അവരെ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത്, സമീപത്തുള്ള ക്യാമ്പിലേക്ക് മാറ്റി. അവിടെ വെച്ചാണ് നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്തിയിരുന്നത്.

ചേരി പൊളിക്കാനും നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്താനുമുള്ള പദ്ധതി അതിന്റെ പൂര്‍ണമായ വേഗതയിലേക്ക് പിന്നീടുള്ള ആഴ്ചകളില്‍ മാറി. ഇത്തരം വന്ധ്യംകരണത്തിനു അക്കാലത്ത് പൊലീസിന് ഒരു ഡെയ്ലി ടാര്‍ഗറ്റ് നല്‍കിയിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുന്ന ദിവസങ്ങളില്‍ പ്രദേശത്തെ ക്രമസമാധാന നില താറുമാറായി.

നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയനാകുന്ന പുരുഷന്‍ – അടിയന്തരാവസ്ഥ കാലത്ത് നിന്നും

ഇതേസമയം തന്നെ ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധവും ഉയര്‍ന്നു വന്നു.

ഏപ്രില്‍ 19ന് ഒട്ടനവധി ബുള്‍ഡോസറുകളുമായി തുര്‍ക്മാന്‍ ഗേറ്റ് ലക്ഷ്യമാക്കി സര്‍ക്കാര്‍ മുന്നോട്ടു വന്നു. സ്വാഭാവികമായും പ്രതിഷേധക്കാര്‍ മറുവശത്തും. പിന്നീട് അവിടെ നടന്നത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നരനായാട്ടുകളില്‍ ഒന്നായിരുന്നു.

തങ്ങളുടെ ആത്മാഭിമാനവും വാസസ്ഥലവും സംരക്ഷിക്കാന്‍ ഉറച്ചു നിന്ന ജനങ്ങള്‍ക്ക് നേരെ അര്‍ധസൈനികര്‍ ഉള്‍പ്പെടുന്ന പോലീസ് ഫയര്‍ ചെയ്യാന്‍ ആരംഭിച്ചു.

അന്നത്തെ ദിവസം എത്ര പേര്‍ മരിച്ചു വീണു എന്നത് തര്‍ക്ക വിഷയമാണ്. കാരണം ഒരു മാധ്യമങ്ങളെയും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. പൂര്‍ണമായും ഇന്‍ഫോര്‍മേഷന്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ ചെയ്തിരുന്നത് കൊണ്ട് ദല്‍ഹിക്ക് പുറത്തേക്ക് ഈ വാര്‍ത്ത എത്തിയില്ല.

സര്‍ക്കാര്‍ കണക്കുകളില്‍ 6 പേരാണ് അന്ന് കൊല്ലപ്പട്ടത്. എന്നാല്‍ ഇരുപതോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പിന്നീട് തെളിയിക്കപെട്ടത്. അതില്‍ പലരും കൊല്ലപ്പെട്ടത് ബുള്‍ഡോസറുകള്‍ കയറ്റിയിറക്കിയായിരുന്നു എന്ന് പിന്നീട് ദൃക്സാക്ഷികള്‍ പറഞ്ഞു.

പതിവുപോലെ തുര്‍ക്ക്മാന്‍ ഗേറ്റിലെ മനുഷ്യരെ കൊന്നതിന് ഒരാള്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനു അഭിമാനിക്കാം, കോണ്‍ഗ്രസിന്റെ, എന്തിന് ഗാന്ധി കുടുംബത്തിന്റെ നേരിട്ടുള്ള ലെഗസി അങ്ങനെ ചുളുവില്‍ കഴിഞ്ഞ പത്ത് കൊല്ലം അധികാരത്തില്‍ വന്ന ബി.ജെ.പിക്കാര്‍ക്കുള്ളതല്ല എന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Content Highlight: Sudeep Sudhakaran writes about Bulldozer Raj and emergency period

സുദീപ് സുധാകരന്‍

അധ്യാപകന്‍, എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more