| Monday, 29th December 2025, 9:03 pm

ആർ.എസ്.എഫിന്റെ നിരായുധീകരണം ഉൾപ്പെടാത്ത ഒരു രാഷ്ട്രീയ പരിഹാരവും അംഗീകരിക്കില്ല: സുഡാൻ സൈനിക നേതാവ്

ശ്രീലക്ഷ്മി എ.വി.

അങ്കാറ: ആർ.എസ്.എഫി (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്)ന്റെ നിരായുധീകരണത്തിലൂടെ മാത്രമേ സുഡാൻ ആഭ്യന്തരയുദ്ധം അവസാനിക്കുകയുള്ളുവെന്ന് സുഡാൻ സൈനിക നേതാവ് അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ.

സുഡാനിൽ പട്ടിണിയും കുടിയിറക്കിയവും വ്യാപകമാകുമ്പോഴും ഗ്രാമങ്ങൾ പ്രേതനഗരങ്ങളായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എഫിന്റെ നിരായുധീകരണം ഉൾപ്പെടാത്ത ഒരു രാഷ്ട്രീയ പരിഹാരത്തെ സ്വീകരിക്കില്ലെന്നും അങ്കാറയിലേക്കുള്ള ഒരു ഒദ്യോഗിക സന്ദർശനത്തിനിടയിൽ അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയിൽ സുഡാൻ പ്രധാനമന്ത്രി കാമിൽ ഇദ്രിസ് അവതരിപ്പിച്ച സമാധാനപദ്ധതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സുഡാൻ സർക്കാരിന്റെ പദ്ധതിയാണെന്നും അൽ-ബുർഹാൻ പറഞ്ഞു

‘ഞങ്ങൾ യുദ്ധത്തിന്റെ വക്താക്കളല്ല, ആർ.എസ്.എഫിന് മിലിഷ്യ നൽകുന്ന പിന്തുണ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു വർഷം മുമ്പ് യു.എ.ഇയുമായി സംസാരിച്ചിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇ പ്രസിഡന്റ് പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും ഉദ്ദേശങ്ങളെയും
യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ഭരണകൂടം കാണിക്കുന്ന നല്ല സൂചനകളെയും സുഡാൻ പൂർണ്ണമായി വിശ്വസിക്കുന്നു. പ്രതിസന്ധി പരിഹരിക്കാനും ഭാവിയിൽ സുഡാനിൽ സമാധാനം നിലനിർത്താനുമുള്ള നടപടികൾ അംഗീകരിക്കുന്നു. സുഡാനീസ് പൗരന്മാരുടെ ഭാഗത്തുനിന്നും സുഡാനീസ് പ്രശ്നത്തെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സൈനിക പരിഹാരം പോരാട്ടത്തിൽ അവസാനിക്കണമെന്നില്ല അത് കീഴടങ്ങലിലും അവസാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഡാൻ ദുർബലമല്ലെന്നും ഏത് ആക്രമണത്തെയും നേരിടാൻ പ്രാപ്തമാണെന്നും അയൽരാജ്യങ്ങളോടുള്ള സുഡാന്റെ വിദേശനയം വ്യക്തമാണെന്നും അൽ ബുർഹാൻ പറഞ്ഞു. സുഡാൻ ഒരിക്കലും ഒരു അയൽരാജ്യത്തിനെതിരെയും ആക്രമണകാരിയായിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Sudanese military leader: No political solution that does not include disarmament of RSF will be accepted

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more