ഖാർത്തൂം: യു.എസ് നേതൃത്വത്തിലുള്ള വെടിനിർത്തൽ പദ്ധതി ഇതുവരെ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും മോശമായതെന്ന് സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ. യു.എ.ഇ ഉൾപ്പടെയുള്ള മധ്യസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ആർ.എസ്.എഫ് പ്രദേശങ്ങളിൽ നിന്നും പൂർണമായി പിന്മാറിയാൽ മാത്രമേ സൈന്യം വെടിനിർത്തലിന് സമ്മതിക്കുകയുള്ളുവെന്നും ബുർഹാൻ പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശം വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ഈ പദ്ധതി സായുധ സേനകളെ ഇല്ലാതാക്കുന്നു. സുരക്ഷാ എജൻസികളെ പിരിച്ചുവിടുന്നു. മിലിഷ്യയെ അവർ ഉള്ളിടത്തു തന്നെ തുടരാൻ അനുവദിക്കുന്നു. ഇത് വളരെ മോശമാണ് ഞങ്ങൾ ഇതിനെ അംഗീകരിക്കുന്നില്ല,’ ബുർഹാൻ പറഞ്ഞു.
ഈ പദ്ധതി സുഡാന്റെ സൈന്യത്തിന് മേൽ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ആരോപിച്ച ആഫ്രിക്കയുടെ അമേരിക്കൻ ഉപദേഷ്ടാവ് മസാദ് ബൗലോസിനെയും ബുർഹാൻ വിമർശിച്ചു.
സുഡാനിലെ ജനങ്ങൾ ആഗ്രഹിക്കുന്ന സമാധാനത്തിന് അദ്ദേഹം ഒരു തടസമാകുമെന്നും തങ്ങൾ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുഡാനിൽ ആർ.എസ്.എഫ് ഏകപക്ഷീയമായി മൂന്ന് മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. സുഡാൻ സൈനിക മേധാവി യു.എസ് സമാധാന പദ്ധതി നിരസിച്ചതിന് പിന്നാലെയാണ് ആർ.എസ്.എഫിന്റെ ഈ നീക്കം.
കഴിഞ്ഞ ദിവസം വെടിനിർത്തലിനുള്ള ആഹ്വാനം നടത്തുകയും സുഡാൻ സൈന്യത്തോടും ആർ.എസ്.എഫിനോടും വെടിനിർത്തൽ കരാറിൽ ചർച്ച നടത്താനും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു.
സുഡാനിൽ സമാധാനം ആവശ്യമാണെന്നും ശത്രുത ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഗുട്ടെറസ് എക്സിൽ പറഞ്ഞിരുന്നു.
Content Highlight: Sudan rejects US ceasefire plan