| Wednesday, 17th June 2026, 10:01 pm

സുഡാന്‍ ആഭ്യന്തരയുദ്ധം: ആര്‍.എസ്.എഫിന് ആയുധവും പണവും നല്‍കിയെന്നാരോപണം; യു.എ.ഇ ഉന്നതര്‍ക്കെതിരെ ഐ.സി.സിയില്‍ പരാതി

ആദര്‍ശ് എം.കെ.

ഹേഗ്: സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍ പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) നടത്തിയ വംശഹത്യയ്ക്കും മറ്റ് അതിക്രമങ്ങള്‍ക്കും സാമ്പത്തിക-ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയെന്നാരോപിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബിസിനസ് പ്രമുഖര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരകള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐ.സി.സി) സമീപിച്ചു.

ഐ.സി.സി അഭിഭാഷകയായ എലീസ് ലെ ഗാലിന്റെ നേതൃത്വത്തില്‍ ഏഴ് അതിജീവിതരാണ് ഈ പരാതി നല്‍കിയത്. ഇവര്‍ നിലവില്‍ സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അതീവ ദയനീയ സാഹചര്യങ്ങളില്‍ കഴിയുകയാണ്.

യു.എ.ഇ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് ആര്‍.എസ്.എഫുമായി അടുത്ത ബന്ധമുണ്ടെന്നും, അവര്‍ ഈ വിഭാഗത്തിന് സാമ്പത്തികവും ലോജിസ്റ്റിക്കലുമായ പിന്തുണ നല്‍കുന്നുണ്ടെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

റോം ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം, കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്ക് പുറമെ, അവയ്ക്ക് പിന്നില്‍ നിന്ന് സഹായവും ആയുധങ്ങളും നല്‍കുന്നവരും നിയമപരമായി ഉത്തരവാദികളാണെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു.

കുറ്റകൃത്യങ്ങള്‍ നേരിട്ട് ചെയ്തവരിലേക്ക് മാത്രമല്ല, അതിന് പുറത്തുനിന്ന് പിന്തുണ നല്‍കിയവരിലേക്കും അന്താരാഷ്ട്ര നീതിയുടെ പരിധി വ്യാപിപ്പിക്കാനാണ് ഈ നീക്കം.

ചാഡ്, ലിബിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങള്‍ വഴി സങ്കീര്‍ണമായ വിതരണ ശൃംഖലയിലൂടെ യു.എ.ഇ ആര്‍.എസ്.എഫിന് ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്ന് വിവിധ അന്വേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിദേശ കൂലിപ്പടയാളികളെ ഉപയോഗിക്കുന്നതിനൊപ്പം, ‘മാനുഷിക സഹായം’ എന്ന വ്യാജേനയാണ് പലപ്പോഴും ഈ ആയുധങ്ങള്‍ കൈമാറുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വടക്കന്‍ ഡാര്‍ഫറിന്റെ തലസ്ഥാനമായ എല്‍-ഫാഷറില്‍ നടന്ന ക്രൂരതകളും വംശഹത്യയുമാണ് പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. 500 ദിവസത്തിലധികം നീണ്ടുനിന്ന ഉപരോധത്തിന് ശേഷം 2025 ഒക്ടോബറില്‍ ആര്‍.എസ്.എഫ് ഈ നഗരം പിടിച്ചടക്കിയിരുന്നു.

ആക്രമണത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം 6,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊലപാതകം, ശാരീരിക പീഡനം, ബലാത്സംഗം, ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, നിര്‍ബന്ധിതമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവ ആര്‍.എസ്.എഫ് അവിടെ നടത്തിയതായി പരാതിയില്‍ വിശദീകരിക്കുന്നു. സാധാരണക്കാരെ വാഹനങ്ങള്‍ കയറ്റി കൊലപ്പെടുത്തിയ നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദാംശങ്ങളുണ്ട്.

‘ശക്തമായ പിന്തുണ നല്‍കുന്ന ബാഹ്യ ശൃംഖലകളില്ലാതെ ഇത്തരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ആര്‍എസ്എഫിന് ഫണ്ടിംഗും ആയുധങ്ങളും നല്‍കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഐ.സി.സി അഭിഭാഷകയായ എലീസ് ലെ ഗാല്‍ പറഞ്ഞു.

ഡാര്‍ഫറിലെ നിലവിലെ അതിക്രമങ്ങളെക്കുറിച്ച് ഐ.സി.സി ഇപ്പോള്‍ത്തന്നെ അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക, സൈനിക ശൃംഖലകളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരാതി.

അതേസമയം, ആര്‍.എസ്.എഫിന് ആയുധങ്ങളോ മറ്റ് പിന്തുണയോ നല്‍കുന്നുണ്ടെന്ന ആരോപണങ്ങള്‍ യു.എ.ഇ ഭരണകൂടം ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

എന്നാല്‍, എല്‍-ഫാഷറില്‍ നടന്ന സംഭവങ്ങള്‍ വ്യക്തമായ വംശഹത്യയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് യു.എന്‍ അന്വേഷണ സംഘം നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കൂട്ടക്കുരുതികള്‍ക്ക് കാരണമാകുന്ന ആയുധ വിതരണം തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content highlight: Sudan Civil War: Accused of providing arms and money to RSF; Complaint filed at ICC against UAE officials

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more