സിനിമാകുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് മോഹന്‍ലാലിന്റെ പങ്കാളി സുചിത്ര. തമിഴിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കുട്ടിക്കാലം മുതല്‍ സിനിമയുടെ ലോകവുമായി അടുത്ത ബന്ധമുള്ള സുചിത്ര ഒരിക്കലും ക്യാമറക്ക് മുന്നിലെത്തിയിട്ടില്ല. അടുത്തകാലത്തായി സുചിത്ര നല്‍കുന്ന അഭിമുഖങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
സുചിത്ര മോഹൻലാൽ. Photo. Screen grab/ Youtube
മോഹന്‍ലാലിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളെല്ലാം പങ്കുവെക്കുന്നത് സുചിത്രയാണ്. ഇപ്പോഴിതാ, മോഹൻലാലിനോടുള്ള ആരാധന പിന്നീട് അദ്ദേഹവുമായുള്ള വിവാഹത്തിലേക്ക് എത്തിയതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സുചിത്ര. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അവർ.
മോഹൻലാലിനെ ആദ്യമായി സിനിമകളിലൂടെയാണ് പരിചയപ്പെട്ടതെന്നും, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ അദ്ദേഹത്തോട് ഇഷ്ടം തോന്നിയിരുന്നില്ലെന്നും പറയുകയാണ് സുചിത്ര. പിന്നീട് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് കണ്ടതോടെയാണ് മോഹൻലാലിന്റെ വലിയ ആരാധകയായി മാറിയതെന്നും സുചിത്ര ഓർത്തെടുത്തു.
‘ഞാൻ ചേട്ടനെ ആദ്യമായി കാണുന്നതൊക്കെ സിനിമകളിലൂടെ തന്നെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടപ്പോൾ ഒന്നും എനിക്ക് ചേട്ടനെ ഇഷ്ടമേ അല്ലായിരുന്നു. ചേട്ടൻ അത്രയും നന്നായി ആ വില്ലൻ കഥാപാത്രം ചെയ്തതുകൊണ്ടാണ് ആ കഥാപാത്രത്തോട് നമുക്ക് അത്രയും ഇഷ്ടം തോന്നാതിരുന്നത്.
പിന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമ കണ്ടപ്പോഴാണ് എനിക്ക് ചേട്ടനെ ഇഷ്ടമാകാൻ തുടങ്ങിയത്. അപ്പോൾ വലിയ ഫാനായി മാറി. അങ്ങനെ ഒരു ബന്ധുവിന്റെ കല്യാണത്തിൽ വെച്ചാണ് ചേട്ടനെ നേരിട്ട് കാണുന്നത്. അന്ന് ഒരു ഫാൻ എന്ന രീതിയിൽ കൂടെനിന്ന് ഫോട്ടോയൊക്കെ എടുത്തിരുന്നു. പക്ഷേ ആ ഫോട്ടോ ഇന്നുവരെ എന്റെ കൈയിൽ കിട്ടിയിട്ടില്ല,’ സുചിത്ര പറഞ്ഞു.
മോഹൻലാലിനോടുള്ള ആരാധന പിന്നീട് വിവാഹത്തിലേക്ക് എത്തിയ കഥയും സുചിത്ര പങ്കുവെച്ചു. നടി സുകുമാരി വഴിയാണ് മോഹൻലാലിന്റെ കുടുംബവുമായി വിവാഹാലോചന മുന്നോട്ടുപോയതെന്നും സുചിത്ര പറഞ്ഞു.
മോഹൻലാൽ. സുചിത്ര. Photo. X.com
‘അതൊക്കെ കഴിഞ്ഞ് ഞാൻ വീട്ടിൽ പറഞ്ഞു. പിന്നെ സുകുമാരി ആന്റി വഴി ചോദിക്കാമെന്ന് പറഞ്ഞു. കാരണം ഡാഡിക്ക് ആന്റിയെ അറിയാമായിരുന്നു. അങ്ങനെ ആ വഴിക്ക് ചോദിച്ചു. അങ്ങനെയാണ് 1988 ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് വെച്ച് വിവാഹം നടന്നത്. ഒരു ഹസ്ബൻഡ് എന്ന രീതിയിൽ എനിക്ക് പുള്ളിക്കാരനെക്കുറിച്ച് വലിയ കംപ്ലയിന്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല,’ സുചിത്ര പറഞ്ഞു.