സിനിമാകുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് മോഹന്‍ലാലിന്റെ പങ്കാളി സുചിത്ര. തമിഴിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കുട്ടിക്കാലം മുതല്‍ സിനിമയുടെ ലോകവുമായി അടുത്ത ബന്ധമുള്ള സുചിത്ര ഒരിക്കലും ക്യാമറക്ക് മുന്നിലെത്തിയിട്ടില്ല. അടുത്തകാലത്തായി സുചിത്ര നല്‍കുന്ന അഭിമുഖങ്ങള്‍ സിനിമാപേജുകളുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.
മോഹന്‍ലാലിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളെല്ലാം പങ്കുവെക്കുന്നത് സുചിത്രയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും മറ്റും പലരെയും അത്ഭുതപ്പെടുത്താറുണ്ട്. മോഹന്‍ലാല്‍ അടുത്തകാലത്ത് പങ്കുവെച്ച പാചകവീഡിയോയെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര. തന്നെക്കാള്‍ നന്നായി പാചകം ചെയ്യുന്നത് മോഹന്‍ലാലാണെന്ന് അവര്‍ പറയുന്നു.
‘കുക്കിങ്ങിന്റെ കാര്യത്തില്‍ എന്നെക്കാള്‍ നല്ലത് ചേട്ടനാണെന്ന് തോന്നിയിട്ടുണ്ട്. ഇടയ്ക്ക് ഓരോന്ന് പരീക്ഷിക്കും. അതിനെല്ലാം നല്ല ടേസ്റ്റാണ്. സത്യം പറഞ്ഞാല്‍ കൊവിഡ് ലോക്ക്ഡൗണിന്റെ സമയത്താണ് ചേട്ടനെ ഏറ്റവും കൂടുതല്‍ കാലം വീട്ടില്‍ കിട്ടിയത്. അതിനുമുമ്പ് ചേട്ടന്‍ അത്രയും ദിവസം വെറുതെയിരുന്നിട്ടില്ല. ആദ്യമൊക്കെ ബോറടി മാറ്റാന്‍ വേണ്ടി അടുക്കളയില്‍ കയറിയതാണ്.
ഓരോ പൊടിയും ഞാന്‍ എടുത്തുകൊടുത്തിട്ടാണ് ചേട്ടന്‍ കുക്ക് ചെയ്തിരുന്നത്. പിന്നീട് ഒറ്റക്ക് ഓരോന്ന് ഉണ്ടാക്കിത്തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ മുകളിലെ മുറിയില്‍ നിന്ന് ഫുഡ് ആയോ എന്ന് ചേട്ടനെ വിളിച്ച് ചോദിക്കും. ആകുമ്പോള്‍ ചേട്ടന്‍ വിളിക്കും. ആദ്യമൊക്കെ എല്ലാ പൊടിയും ഇട്ട് എന്തെങ്കിലും ഉണ്ടാക്കുന്ന രീതിയായിരുന്നു. ‘അടുത്ത തവണ ഇതുപോലെ ഉണ്ടാക്കാന്‍ പറ്റുമോ എന്നറിയില്ല’ എന്നായിരുന്നു ഡയലോഗ്,’ സുചിത്ര പറയുന്നു.
മോഹന്‍ലാല്‍ എന്ത് പാചകം ചെയ്താലും അതിന് നല്ല രുചിയാണെന്നും തനിക്ക് അത് ഒരുപാട് ഇഷ്ടമാണെന്നും സുചിത്ര പറഞ്ഞു. മോഹന്‍ലാലിന്റെ വൈറലായ ചിക്കന്‍ കറിയുടെ റെസിപ്പി പ്രിയദര്‍ശന്റെ അമ്മയുടേതാണെന്നും അത് നല്ല രീതിയില്‍ ഉണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സുചിത്ര.
‘എനിക്ക് കേരള വിഭവങ്ങളൊന്നും അധികം ഉണ്ടാക്കാനറിയില്ല. സാമ്പാറും അവിയലും ഒരിക്കല്‍ ചെയ്തുനോക്കി പാളിയതാ. പിന്നീട് ആ വഴിക്ക് പോയിട്ടില്ല. എനിക്കും ചേട്ടനും ചൈനീസ്, ജാപ്പനീസ് ഫുഡിനോടാണ് താത്പര്യം. ഒരുമിച്ച് പുറത്ത് കഴിക്കാന്‍ പോകുമ്പോള്‍ ‘ഇന്ന് ചൈനീസ് ഫുഡ്ഡായിരിക്കും’ എന്നാണ് മായയുടെ കമന്റ്,’ സുചിത്ര പറഞ്ഞു.
Content Highlight: Suchithra Mohanlal about Mohanlal’s cooking skills